റൗൾ കാസ്ട്രോക്കെതിരെ കൊലക്കുറ്റം ചുമത്തി; ക്യൂബക്കെതിരെ പുതിയ നീക്കവുമായി യു.എസ്
text_fieldsവാഷിങ്ടൺ: ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാറിനെതിരെ സമ്മർദ തന്ത്രങ്ങളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം. 1996ൽ ക്യൂബക്കും ഫ്ലോറിഡക്കും ഇടയിൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റംചുമത്തി. കൊലപാതകം, ഗൂഢാലോചന, വിമാനം തകർക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഫിദൽ കാസ്ട്രോക്ക് കീഴിൽ റൗൾ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവത്തിലാണ് യു.എസിന്റെ പുതിയ നീക്കം. ക്യൂബൻ-അമേരിക്കൻ ഗ്രൂപ്പായ ബ്രദേഴ്സ് ടു ദ റെസ്ക്യുവിന്റെ വിമാനം വെടിവെച്ച് വീഴ്ത്തി മൂന്ന് അമേരിക്കക്കാർ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് റൗൾ കാസ്ട്രോക്കും മറ്റ് അഞ്ചുപേർക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. യു.എസ് നീക്കത്തിൽ ക്യൂബൻ ഭരണകൂടം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ‘രാഷ്ട്രീയ കുതന്ത്രം’ എന്നാണ് യു.എസ് നടപടിയെ ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ വിശേഷിപ്പിച്ചത്.
ക്യൂബൻ ഭരണത്തിൽ രാഷ്ട്രീയ, സാമ്പത്തിക പരിഷ്കാരങ്ങൾ വരുത്താൻ യു.എസ് സമ്മർദം ചുമത്തുന്നതിനിടെയാണ് ക്യൂബയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലെ പ്രധാന വ്യക്തിക്കെതിരെ നീതിന്യായ വകുപ്പിന്റെ കുറ്റപത്രം എന്നതും ശ്രദ്ധേയമാണ്.
റൗൾ കാസ്ട്രോയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് കുറ്റം ചുമത്താനുള്ള സാധ്യതകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ വാറന്റ് ഉണ്ടെന്നായിരുനനു ബ്ലാഞ്ചെയുടെ മറുപടി. ഇത് ക്യൂബയിലേക്കുള്ള അധിനിവേശത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോക്കെതിരെ സമാനരീതിയിൽ കുറ്റം ചുമത്തിയ ശേഷം അദ്ദേഹത്തെ പിടികൂടി യു.എസിലേക്ക് കൊണ്ടുവരാൻ സൈനിക നടപടി നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

