ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ശക്തമാക്കി യു.എസ്
text_fieldsതെഹ്റാൻ: തുടർച്ചയായ ആറാം രാത്രിയും ഇറാനിൽ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ യു.എസ് വലിയ ആക്രമണങ്ങൾ ശക്തമാക്കി. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിൽ വൈദ്യുതി നിലയവും ഒരു ട്രെയിൻ സ്റ്റേഷനും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബന്ദർ-ഇ ഖമീർ പാലത്തിനെതിരായ യു.എസ് ആക്രമണത്തിൽ മരണസംഖ്യ 7 ആയി ഉയർന്നു. 9 പേർക്ക് പരിക്കേറ്റു. ഹുർമുസ്ഗാൻ പ്രവിശ്യയിലെ ബന്ദർ-ഇ ഖമീർ പാലത്തിനെതിരായ യു.എസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നതായി ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇറാനിലെ ഇറാൻഷഹ്ർ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഇവിടെ ഒരാൾക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ പറ്റിയതായും ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു.
അതേ സമയം ബഹ്‌റൈനിലെ ഒരു സൈനിക താവളത്തിൽ യു.എസ് വിമാനങ്ങളെ ലക്ഷ്യമിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. തലസ്ഥാനമായ ദോഹയ്ക്കു നേരെയുള്ള മിസൈൽ ആക്രമണം തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോൺ ആക്രമണ ശ്രമങ്ങൾ തകർത്തതായി കുവൈത്തും വ്യക്തമാക്കി. ഇറാൻ ഉപരോധം നടപ്പിലാക്കാൻ ഒമാൻ ഉൾക്കടലിൽ സൈനികർ ഒരു കപ്പലിൽ കയറിയതായി യു.എസ് സെൻട്രൽ കമാൻഡ് പറയുന്നു.
ഹുർമുസ് കടലിടുക്ക് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ സൈന്യത്തിന്റെ വക്താവ് പറഞ്ഞു. "40 ദിവസത്തെ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ചുവരില്ല" എന്ന് ഇറാനിയൻ സായുധ സേന വക്താവ് ഇബ്രാഹിം സോൾഫാഗാരി പറഞ്ഞു. ഹുർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരത്തെ അമേരിക്ക ഭയപ്പെടുന്നുവെന്ന് വക്താവ് പറഞ്ഞു. "അമേരിക്കയെ അവരുടെ പ്രദേശങ്ങൾ ഉപയോഗിച്ച് നമ്മളെ ആക്രമിക്കാൻ അനുവദിക്കരുതെന്ന്" ഇറാൻ ഗൾഫിലെ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ഇറാനിൽ ഉടൻ വിജയം കാണുമെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തി. "ആ അധ്വാനത്തിന്റെ ഫലങ്ങൾ നിങ്ങൾ വളരെ വേഗം കാണും" എന്ന് ട്രംപ് കൂട്ടിച്ചേർത്തു. സമാധാന ധാരണ പ്രകാരം സാങ്കേതിക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹുർമുസിൽ ധാരണ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരു വിഭാഗവും ആക്രമണത്തിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

