Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ കുടിയേറ്റ...

അമേരിക്കയിൽ കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി; 28,000ത്തിലധികം പേരുടെ ലൈസൻസുകൾ റദ്ദാക്കി

text_fields
bookmark_border
truck
cancel
camera_alt

ട്രക്ക്

വാഷിങ്ടൺ: അമേരിക്കൻ നിരത്തുകളിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് ട്രംപ് ഭരണകൂടം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്തതും ചട്ടങ്ങൾ പാലിക്കാത്തതുമായ 28,000ത്തിലധികം കുടിയേറ്റ ട്രക്ക് ഡ്രൈവർമാരുടെ കൊമേഴ്‌സ്യൽ ഡ്രൈവിങ് ലൈസൻസുകൾ ഭരണകൂടം റദ്ദാക്കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ചൊവ്വാഴ്ച ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഈ നടപടി അമേരിക്കയുടെ ചരക്കുനീക്ക മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചിരുന്ന ഏകദേശം 30,000ത്തോളം ഡ്രൈവർമാരുടെ കുറവാണ് വിപണിയിൽ ഇതിലൂടെ ഉണ്ടാകാൻ പോകുന്നത്.

അധികൃതരുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇംഗ്ലീഷ് സംസാരിക്കാനോ വായിക്കാനോ മതിയായ പ്രാവീണ്യമില്ലാത്ത 24,000ത്തോളം പൗരന്മാരല്ലാത്തവരുടെ ലൈസൻസുകളാണ് റദ്ദാക്കിയിരിക്കുന്നത്. അമേരിക്കൻ നിരത്തുകളിൽ ഇത്തരക്കാർക്ക് ഡ്രൈവിങ് പരിശീലനം നൽകിവന്ന 9,500ഓളം ഡ്രൈവിങ് സ്കൂളുകൾ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ അടപ്പിച്ചു കഴിഞ്ഞതായും ഭരണകൂടം അറിയിച്ചു.

ഈ തീരുമാനം അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റ സമൂഹത്തെയും കനത്ത രീതിയിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, അമേരിക്കയിലെ മൊത്തം ട്രക്ക് ഡ്രൈവർമാരിൽ 130,000 മുതൽ 150,000 വരെ പേർ നേരിട്ട് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും എത്തിയവരാണ്. ഈ പുതിയ നീക്കം അമേരിക്കയിലുള്ള ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്കെതിരെയുള്ള ഈ കടുത്ത നടപടികൾക്ക് വേഗത കൂട്ടിയത് 2025 ആഗസ്റ്റിൽ ഫ്ലോറിഡയിലുണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ്. ഒരു ട്രക്ക് ഡ്രൈവർ നടത്തിയ അനധികൃത യു-ടേൺ മൂന്ന് പേരുടെ ജീവനുകളാണ് അപഹരിച്ചത്. തുടർന്ന് യു.എസ് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ട്രക്ക് ഡ്രൈവർമാർക്കായുള്ള നിലവിലുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങി. അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ഇന്ത്യക്കാരനാണെന്നും, അദ്ദേഹത്തിന് ഒരിക്കലും ലൈസൻസ് നൽകാൻ പാടില്ലായിരുന്നുവെന്നും യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ തുടർച്ചയായി, ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്തതിന്റെ പേരിൽ ഇതുവരെ 26,000 ഡ്രൈവർമാരെയാണ് സർവീസിൽ നിന്നും മാറ്റിനിർത്തിയത്. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങൾ ആയിരക്കണക്കിന് ലൈസൻസുകൾ റദ്ദാക്കുന്നതിൽ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടി ഫെഡറൽ സർക്കാർ ലക്ഷക്കണക്കിന് ഡോളറിന്റെ ഹൈവേ ഫണ്ടുകൾ തടഞ്ഞുവെക്കാൻ ശ്രമിച്ചിരുന്നു. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പെൻസിൽവാനിയ, മിനസൊട്ട, നോർത്ത് കരോലിന തുടങ്ങിയ മറ്റ് നിരവധി സംസ്ഥാനങ്ങളും ഫണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുടിയേറ്റ ഡ്രൈവർമാരുടെ ഒഴിവുകൾ നികത്തുന്നതിനായി ട്രംപ് ഭരണകൂടം പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട് . 'ഫ്രീഡം ഹോളേഴ്സ്' ക്യാമ്പെയ്ൻ. വലിയ സൈനിക വാഹനങ്ങൾ ഓടിച്ചിട്ടുള്ള മുൻ സൈനികർക്ക് കൊമേഴ്‌സ്യൽ ഡ്രൈവിങ് ലൈസൻസിനായുള്ള നിർബന്ധിത സ്കിൽസ് ടെസ്റ്റ് ഒഴിവാക്കിക്കൊണ്ട് ലൈസൻസ് എളുപ്പത്തിൽ നേടാൻ സഹായിക്കുന്ന പദ്ധതിയാണിത്.

കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഗതാഗത സെക്രട്ടറി ഷോൺ ഡഫി, വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡഗ്ലസ് എ കോളിൻസ്, ആക്ടിങ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിങ് എന്നിവരുടെ നേതൃത്വത്തിൽ യു.എസ് സൈനിക വെറ്ററൻമാരെ സ്വാഗതം ചെയ്തുകൊണ്ടാണ് ഈ കാമ്പെയ്ന് ഔദ്യോഗിക തുടക്കം കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licenseimmigrantTrump administrationTruck DriversDonald Trump
News Summary - അമേരിക്കയിൽ 28,000ത്തിലധികം കുടിയേറ്റ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി
Next Story