ഇസ്രായേലിൽ വ്യോമതാവളങ്ങളും ആയുധപ്പുരകളും നിർമിക്കാനൊരുങ്ങി യു.എസ്
text_fieldsതെൽ അവീവ്: യുദ്ധ വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും മറ്റ് സൈനിക സന്നാഹങ്ങൾക്കുമായി യു.എസ് ഇസ്രായേലിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
250 മില്യൺ ഡോളറിലധികം വരുന്ന പദ്ധതികൾ ആണ് യാഥാർഥ്യമാക്കാൻ പോവുന്നത്. തുടർ പദ്ധതികൾ ഒരു ബില്യൺ ഡോളറിലധികം വരുമെന്നും കരുതുന്നു.
ജൂണിൽ ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും ഇസ്രായേൽ-ഇറാൻ സംഘർഷം കാരണം മാറ്റിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ വാർത്താ സൈറ്റായ ഹാരെറ്റ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
യു.എസ് ആർമി കോർപ്‌സ് ഓഫ് എൻജിനിയേഴ്‌സ് കരാറുകാരെ ഉപയോഗിച്ച് വെടിമരുന്ന് ഡിപ്പോകളും യുദ്ധ വിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങളും ഇസ്രായേലി സൈനിക താവളങ്ങൾക്കുള്ള കോൺക്രീറ്റ് ഘടനകളും നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. എയർ ഫീൽഡുകളിൽ ഉൾപ്പെടെ കെട്ടിട അറ്റകുറ്റപ്പണികൾ നടത്താൻ യു.എസ് കരാറുകാരെ തിരയുന്നുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
വരും വർഷങ്ങളിൽ ഇസ്രായേലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബോയിങ് കെ.സി-46 ടാങ്കറുകൾക്കായി ഹാംഗറുകൾ, അറ്റകുറ്റപ്പണി മുറികൾ, സംഭരണ സൗകര്യങ്ങൾ എന്നിവക്കുള്ള പദ്ധതിക്ക് 100 മില്യൺ ഡോളറിലധികവും സി.എച്ച് ഹെലികോപ്ടറുകൾ സ്ഥാപിക്കുന്നതിനുള്ള മറ്റൊരു പദ്ധതിക്ക് 250 മില്യൺ ഡോളർ വരെയും ചെലവ് വരുമെന്ന് കരുതുന്നു.
100 മില്യൺ ഡോളർ വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്ന വെടിമരുന്ന് സംഭരണ കെട്ടിടങ്ങളുടെ നിർമാണത്തിനും യുഎസ് ടെൻഡറുകൾ തേടുന്നുണ്ട്. 900 മില്യൺ ഡോളറിന്റെ ഏഴു വർഷം നീണ്ടുനിൽക്കുന്ന മറ്റൊരു ടെൻഡറുമുണ്ട്. ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിനായി വ്യക്തമാക്കാത്ത സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾ, നിർമാണം, പൊളിക്കൽ, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിദേശ സൈനിക ധനസഹായത്തിലൂടെയാണ് പദ്ധതികൾക്കുള്ള ധനസഹായം ലഭിക്കുന്നത്. ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളർ സൈനിക സഹായം ലഭിക്കുന്നു. ഈ സംവിധാനത്തിന് കീഴിൽ യു.എസ് പ്രതിരോധ കരാറുകാർക്ക് ലഭിക്കുന്ന ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് യു.എസും ഇസ്രായേലും തീരുമാനിക്കുന്നു. 2023 ഒക്ടോബർ 7നു ശേഷം ഏകദേശം 18 ബില്യൺ ഡോളറിന്റെ അനുബന്ധ സൈനിക സഹായവും അവർക്ക് ലഭിച്ചു.
ഇസ്രായേലിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും യു.എസ് മുമ്പും സൈനിക സഹായം നൽകിയിട്ടുണ്ട്. 2012ൽ നെവാറ്റിം വ്യോമതാവളത്തിൽ യു.എസ് വലിയ തോതിലുള്ള പ്രവൃത്തികൾ ചെയ്തതായി മുൻ പൊതു ടെണ്ടർ രേഖകൾ കാണിക്കുന്നു. ‘911’എന്ന് പേരിട്ടിരിക്കുന്ന ഒരു രഹസ്യ സമുച്ചയത്തിന്റെ നിർമാണത്തിൽ യു.എസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ റിപ്പോർട്ട് ചെയ്ത നിർമാണ പദ്ധതികൾ സമീപകാല ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് മുമ്പ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

