ട്രംപ് ഭരണകൂടത്തിന് കനത്ത പ്രതിസന്ധി; മണിക്കൂറുകൾ മാത്രം അകലെ 'ഷട്ട്ഡൗൺ'
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: യു.എസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി ധനബിൽ കഴിഞ്ഞ ദിവസവും പാസാക്കാനായില്ല. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. ഇതേതുടർന്ന് അവശ്യസേവനങ്ങളൊഴികെ മറ്റ് സർക്കാർ വകുപ്പുകളുടെയെല്ലാം പ്രവർത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബിൽ സെനറ്റിൽ പാസാക്കാൻ കഴിഞ്ഞ ദിവസവും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാൽ നീക്കം പരാജയപ്പെടുകയായിരുന്നു.
ധനബിൽ പാസാകണമെങ്കിൽ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാൽ, രണ്ട് അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സർക്കാർ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ബൈഡൻ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നത്.
ബൈഡൻ ഭരണകാലത്തുള്ള ഒരു ട്രില്യൺ ഡോളറിന്റെ ആരോഗ്യ ഇൻഷൂറൻസ് പുനസ്ഥാപിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇൻഷൂറൻസ് വീണ്ടും കൊണ്ടുവന്നില്ലെങ്കിൽ 20 മില്യൺ അമേരിക്കക്കാരെ അത് ബാധിക്കുമെന്ന് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഷട്ട്ഡൗൺ മൂലം നിർബന്ധിത അവധിയിലേക്ക് പോകേണ്ടി വരുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് 2018-2019 കാലയളവിലും യു.എസ് സർക്കാർ ഷട്ട്ഡൗണിലേക്ക് നീങ്ങിയിരുന്നു. അന്നും ഡോണൾഡ് ട്രംപ് തന്നെയാണ് ഭരണത്തിലുണ്ടായിരുന്നത്. 2018 ഡിസംബർ 22ന് തുടങ്ങിയ ഷട്ട്ഡൗൺ 2019 ജനുവരി 25 വരെ നീണ്ടുനിന്നിരുന്നു. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണുകളിലൊന്ന് അതായിരുന്നു. മെക്സികോ-യു.എസ് അതിർത്തിയിൽ മതിൽ പണിയുന്നതിനായി ട്രംപ് പണമാവശ്യപ്പെട്ടതാണ് അന്ന് ധനബിൽ പാസാക്കുന്നതിന് തടസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

