ഇറാൻ നഗരങ്ങളിൽ ബോംബിട്ട് യു.എസ്
text_fieldsഇറാൻ ആക്രമണത്തെ തുടർന്ന് കുവൈത്ത് സിറ്റിയുടെ തെക്കൻ മേഖലയിലെ മംഗഫ് ടൗണിൽ നിന്ന് പുക ഉയരുന്നു
തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ, ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു.എസ് ആക്രമണം നടത്തി. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ, ഭൂഗർഭ ആയുധ സംഭരണശാലകൾ, നാവിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു. ഇറാനിലെ പ്രധാന നഗരങ്ങളായ സിരിക്, അഹ്വാസ്, യസ്ദ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. മറുവശത്ത്, ഇറാനും തിരിച്ചടിച്ചിട്ടുണ്ട്.
കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സിറിയ എന്നീ രാജ്യങ്ങളിലെ യു.എസ് നിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു പതിവുപോലെ ഇറാന്റെ പ്രത്യാക്രമണം. ഓരോ ദിവസം പിന്നിടുമ്പോഴും യു.എസിന്റെ ആക്രമണ തീവ്രത വർധിക്കുകയാണ്. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങൾ മണിക്കൂറുകൾ നീണ്ടു. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, യുദ്ധക്കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. ജൂലൈ ആറിനുശേഷമുണ്ടായ ആക്രമണങ്ങളിൽ 50ലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. 500ലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ് ആക്രമണം മൂലം ഇറാന്റെ 20ലധികം ഗ്രാമങ്ങളിൽ കുടിവെള്ള വിതരണം നിലച്ചു.
അതിനിടെ, തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഇറാൻ തൊടുത്തുവിട്ട പത്ത് മിസൈലുകൾ രാത്രിയിൽ വിജയകരമായി തടഞ്ഞതായി ജോർഡൻ സൈന്യം അറിയിച്ചു. ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ തങ്ങളുടെ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും വൈദ്യുതി നിലയത്തിനും ജലശുദ്ധീകരണ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് അറിയിച്ചിട്ടുണ്ട്. ഹുർമുസിലും സംഘർഷം തുടരുകയാണ്. കടലിടുക്കിലെ മൈനുകൾ സ്ഥാപിച്ച പാതയിലൂടെ കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർന്നതായി ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. എന്നാലിത് യു.എസ് തള്ളി. വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കാനും യു.എസിന് പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് യുദ്ധവിമാനങ്ങൾ അയച്ചിട്ടുണ്ട്. വൈറ്റ്ഹൗസിൽ ഇതുസംബന്ധിച്ച ചർച്ച നടന്നതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

