യമനിലെ ആഫ്രിക്കൻ കുടിയേറ്റക്കാരെ പാർപ്പിച്ച ജയിലിൽ യു.എസ് ബോംബിങ്; 68 മരണം
text_fieldsദുബൈ: യമനിലെ സആദ ഗവർണറേറ്റിൽ ആഫ്രിക്കൻ കുടിയേറ്റക്കാരെ പാർപ്പിച്ച ജയിലിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. അയൽരാജ്യമായ സൗദി അറേബ്യയിലേക്ക് കുടിയേറാനായി ഇത്യോപ്യയിൽനിന്നും മറ്റുരാജ്യങ്ങളിൽനിന്നും അതിർത്തി കടന്നവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ബോധപൂർവമാണെന്നും എന്നാൽ, എന്തിന് നടത്തിയെന്നത് വിശദീകരിക്കാനാകില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഇവിടെ 115 അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്നെന്നും 68 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഹൂതി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യമൻ വഴി നിരവധി ആഫ്രിക്കൻ വംശജർ അറബ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി റിപ്പോർട്ടുണ്ട്. ഹൂതികൾ ഇതു വരുമാനമാർഗമായി സ്വീകരിക്കുന്നതായി യു.എസ് ആരോപിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കനത്ത വ്യോമാക്രമണം. 2022ൽ ഇതേ കേന്ദ്രത്തിൽ സൗദി നേതൃത്വം നൽകിയ സഖ്യസേന നടത്തിയ ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു.
113 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയവർക്കു നേരെ ഹൂതികൾ നടത്തിയ വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തിൽ, സൻആയിൽ യു.എസ് നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. യമനിൽ ഒരു മാസത്തിനിടെ എണ്ണൂറിലേറെ ഡ്രോൺ ആക്രമണങ്ങളാണ് യു.എസ് നടത്തിയത്.
ഹൂതികളെ ലക്ഷ്യമിട്ടെന്ന് പറഞ്ഞാണെങ്കിലും സാധാരണക്കാർ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ചെങ്കടലിലെ യു.എസ്.എസ് ഹാരി എസ്. ട്രൂമാൻ, അറബിക്കടലിലെ യു.എസ്.എസ് കാൾ വിൻസൺ യുദ്ധക്കപ്പലുകളിൽനിന്നാണ് യു.എസ് ആക്രമണം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

