എൻവിഡിയ ചാരവൃത്തി: മെഗാസ്‌പീഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യു.എസ്
text_fieldsവാഷിങ്ടൺ: എൻവിഡിയ ചാരവൃത്തിയുമായി ബന്ധപ്പെട്ട സിംഗപ്പൂർ ആസ്ഥാനമായുള്ള ചിപ്പ് കമ്പനിയായ മെഗാസ്‌പീഡിനെ വ്യാപാര കരിമ്പട്ടികയിൽ യു.എസ്. ഉൾപ്പെടുത്തി. ചൈനീസ് ചാരയെന്ന് ആരോപിക്കപ്പെടുന്ന ചൈനീസ് ബിസിനസുകാരിയും മെഗാസ്‌പീഡിന്റെ പ്രധാന ഓഹരിയുടമയുമായ ആലിസ് ഹുവാങ്ങുമായി എൻവിഡിയ സി.ഇ.ഒ. ജെൻസൻ ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് കമ്പനിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിലുള്ള കമ്പനികൾക്ക് യു.എസ്. കമ്പനികൾ സാധനങ്ങളും സോഫ്റ്റ്‌വെയറും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യാൻ ലൈസൻസ് ആവശ്യമാണ്. എന്നാൽ അത് നിരസിക്കപ്പെടാനാണ് സാധ്യത.
എൻവിഡിയ സി.ഇ.ഒ.യുമായി അടുത്ത ബന്ധം വളർത്തി ബെയ്‌ജിങിലേക്ക് വിവരങ്ങൾ കൈമാറിയ ചൈനീസ് രഹസ്യാന്വേഷണ വിഭാഗം പ്രതിനിധിയാണ് ആലിസ് ഹുവാങ് എന്നാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. എൻവിഡിയയുടെ ഡയറക്ടറിയിൽ മെഗാസ്‌പീഡിനെ ഔദ്യോഗിക ക്ലൗഡ് പങ്കാളിയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. വാഷിങ്ടണിന്റെ കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമായ നൂതന എൻവിഡിയ ചിപ്പുകൾ ചൈനീസ് ഉപഭോക്താക്കൾക്ക് ലഭിക്കാൻ മെഗാസ്‌പീഡ് സഹായിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് യു.എസ്. അന്വേഷണം നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതോടെയാണ് 2025 ഒക്ടോബറിൽ മെഗാസ്‌പീഡ് പൊതുശ്രദ്ധ നേടിയത്. ബെയ്‌ജിങുമായുള്ള സംഘർഷം രൂക്ഷമാക്കുന്നത് ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചതിനാൽ, ചൈനയുടെ എ.ഐ. സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക്, മെമ്മറി ചിപ്പ് നിർമ്മാതാക്കളായ സി.എക്സ്.എം.ടി, ദേശീയ സുരക്ഷാ ഭീഷണിയായി കണ്ടെത്തിയ മറ്റ് 100 ലധികം കമ്പനികൾ എന്നിവയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് യു.എസ്. മാറ്റിവെച്ചതായി ജൂണിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം പുറത്തുപോയ ടെക് എക്സിക്യൂട്ടീവ് ജെൻസൻ ഹുവാങ്ങിനെ എൻവിഡിയ തിരികെ നിയമിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തിപരമായി ഇടപെട്ട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ മധ്യസ്ഥനായി നിയമിച്ച് നടത്തിയ ചർച്ചയിലാണ് ഹുവാങ് എൻവിഡിയയിൽ തിരിച്ചെത്തിയത്. യു.എസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥർ എൻവിഡിയയ്ക്ക് ഉറപ്പ് നൽകിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. തിങ്കളാഴ്ചയാണ് 63-കാരനായ ഹുവാങ്ങിനെ എൻവിഡിയ സി.ഇ.ഒ. ആയി പുനർനിയമിച്ചത്. ഹുവാങ്ങുമായുള്ള ചർച്ചകൾക്കും മുതിർന്ന യു.എസ്. സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു. ചൈനയുമായി ബന്ധമുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിലെ മുൻ എക്സിക്യൂട്ടീവായ ആലിസ് ഹുവാങ്ങുമായുള്ള ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻവിഡിയ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് ഈ മാസം 12-ന് ഹുവാങ് സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞത്. ഇതിന് പിന്നാലെ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണമെന്ന് ട്രംപ് അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും ബോർഡ് നേരത്തെ തള്ളുകയായിരുന്നു. ഇതിൽ നിന്നുള്ള നാടകീയമായ മലക്കംമറിച്ചിലായിരുന്നു പുതിയ നീക്കം.
ജെൻസൻ ഹുവാങ്ങിനെ തിരികെ എത്തിക്കാൻ ഇരു വിഭാഗവുമായി ചർച്ച നടത്താൻ വാൻസിനെ ട്രംപ് നിയോഗിച്ചതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ടെക് എക്സിക്യൂട്ടീവ് യാതൊരു തെറ്റും ചെയ്തതായി തെളിവില്ലെന്നും യു.എസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയയുടെ ഓഹരികൾ ഇടിയുകയും വിപണി സമ്മർദ്ദത്തിലാകുകയും ചെയ്തതോടെ, ഹുവാങ്ങിനെ പുനർനിയമിക്കുന്നതിൽ പ്രസിഡന്റ് ശക്തമായി ഇടപെടുകയായിരുന്നുവെന്ന് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.

