വിസ നിരക്ക് വർധന; ഇന്ത്യയിലേക്ക് തിരിഞ്ഞ് പ്രമുഖ യു.എസ് ധനകാര്യ സ്ഥാപനങ്ങൾ, തദ്ദേശീയ തൊഴിൽ വിപണിയിൽ പ്രതീക്ഷക്ക് വകയെന്ന് നിരീക്ഷകർ
text_fieldsന്യൂഡൽഹി: എച്ച്-1ബി വിസ നിരക്ക് കുത്തവെ വർധിപ്പിച്ച നടപടിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിഞ്ഞ് പ്രമുഖ യു.എസ് ധനകാര്യ സ്ഥാപനങ്ങൾ. തദ്ദേശീയ തൊഴിൽവിപണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് നീക്കം പലമേഖലകളിലും പ്രതീക്ഷിച്ചത്ര ഫലം കണ്ടേക്കില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
ഇന്ത്യയിൽ നിന്ന് വിദേശ കമ്പനികൾക്ക് തൊഴിൽ സേവനം ലഭ്യമാക്കുന്ന ബിസിനസ് സപ്പോർട്ട് സെന്ററുകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജെ.പി മോർഗൻ ചേസ് ആന്റ് കമ്പനി, ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പ് ഇൻകോർപ്പറേറ്റഡ് എന്നിവയുൾപ്പെടെ യു.എസ് ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ ഇന്ത്യയിലെ ബിസിനസ് സപ്പോർട്ട് സെന്ററുകളിലെ വലിയ തൊഴിൽ ദാതാക്കളാണ്. വ്യാപാര നിയന്ത്രണം മുതൽ റിസ്ക് മാനേജ്മെന്റ്, സാങ്കേതിക പിന്തുണ എന്നിവയടക്കം സേവനങ്ങൾ ഇത്തരത്തിൽ രാജ്യത്തെ സപ്പോർട്ട് സെന്ററുകളിൽ നിന്ന് യു.എസ് കമ്പനികൾ തേടുന്നു.
നിലവിലെ സാഹചര്യത്തിൽ തദ്ദേശീയ തൊഴിൽ വിപണിയിൽ നിന്ന് കൂടുതൽ നിയമനങ്ങൾ നടത്താൻ യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർബന്ധിതമാവും. എന്നാൽ, വിദഗ്ദ തൊഴിലാളികളുടെ അഭാവം ഇതിന് വെല്ലുവിളിയാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ബിസിനസ് സപ്പോർട്ട് സെന്ററുകളിൽ ഇവർ കൂടുതൽ നിയമനങ്ങൾ നടത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ ടെക് ഹബുകളിലായി 1.9 ദശലക്ഷം ആളുകൾ ഇതിനകം യു.എസ് ബാങ്കുകൾക്കായി തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. വിദേശ തൊഴിൽ സേവനങ്ങൾ സ്വീകരിക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ നിലവിൽ വരാത്ത പക്ഷം, ഇവർ ഇന്ത്യയിലെ ബിസിനസ് സപ്പോർട്ട് സെന്ററുകളെ ഭാവിയിൽ കൂടുതലായി ആശ്രയിച്ചേക്കും. ഇത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമാവുമെന്നാണ് പ്രതീക്ഷ.
യു.എസ് ടെക് സ്ഥാപനങ്ങൾക്കൊപ്പം ധനകാര്യ സ്ഥാപനങ്ങളും എച്ച്-1ബി വിസയുടെ വലിയ ഉപയോക്താക്കളാണ്. 2023 സെപ്റ്റംബർ വരെ യു.എസ് സാമ്പത്തിക വർഷത്തിൽ ലഭ്യമാവുന്ന കണക്കുകൾ പ്രകാരം എച്ച്-1ബി വിസയുടെ 72.3 ശതമാനവും ഇന്ത്യൻ വംശജരായ തൊഴിലാളികളാണ്.
വിദഗ്ദ തൊഴിലാളികളുടെ കുടിയേറ്റത്തിൽ നിയന്ത്രണം ഏർപ്പെടുത്തപ്പെടുമ്പോൾ സ്ഥാപനങ്ങൾ കൂടുതലായി വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ തേടാൻ നിർബന്ധിതരാവുന്നുവെന്ന് മാനേജ്മെന്റ് സയൻസ് ജേണൽ 2023ൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. ആഗോള സ്വഭാവമുള്ള കമ്പനികൾ ഓരോ വിസ നിരസിക്കപ്പെടുമ്പോഴും വിദേശത്ത് ഒരു തൊഴിലാളിയെ പുതുതായി നിയമിക്കുന്നുവെന്നും പഠനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

