Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1980കളിലെ കമ്പ്യൂട്ടറും ഫ്ലോപ്പി ഡിസ്കും; പഴഞ്ചൻ സാങ്കേതികവിദ്യയിൽ ചിറകറ്റ് യുഎസ് വ്യോമ മേഖല

text_fields
bookmark_border
1980കളിലെ കമ്പ്യൂട്ടറും ഫ്ലോപ്പി ഡിസ്കും; പഴഞ്ചൻ സാങ്കേതികവിദ്യയിൽ ചിറകറ്റ് യുഎസ് വ്യോമ മേഖല
cancel

വാഷിങ്ടൺ: യു.എസിൽ സമീപകാലത്തുണ്ടായ സമാനതകളില്ലാത്ത വ്യോമയാന സ്തംഭനത്തിനു പിന്നാലെ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും കരാറുകളും സംബന്ധിച്ച് വലിയ രാഷ്ട്രീയ പോര് മുറുകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) ആശയവിനിമയ ശൃംഖലയിലുണ്ടായ തകരാറിനെ തുടർന്ന് യു.എസിലുടനീളം നാല് മണിക്കൂറോളമാണ് വിമാന സർവീസുകൾ പൂർണമായി നിർത്തിവെച്ചത്. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം ഇത്തരത്തിൽ രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ്. സംഭവത്തിൽ 9,000ലധികം സർവീസുകൾ റദ്ദാക്കുകയും ഏകദേശം 15 ലക്ഷത്തോളം യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങുകയും ചെയ്തു.

വിമാനങ്ങളുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന റൂട്ടറുകൾ പെട്ടെന്ന് പ്രവർത്തനരഹിതമാവുകയായിരുന്നു. വിദൂരത്തുള്ള എഫ്എഎ കേന്ദ്രത്തിൽ പ്രതിരോധ കരാർ കമ്പനിയായ എൽ3 ഹാരിസ് ജീവനക്കാർ പഴയ കോപ്പർ വയറുകൾക്ക് പകരം ഫൈബർ ഒപ്റ്റിക് ലൈനുകൾ സ്ഥാപിക്കുന്നതിനിടയിലാണ് തകരാറിന്റെ തുടക്കം.

തകരാറിലായ ഒരു റൂട്ടർ ഓരോ നാല്-അഞ്ച് സെക്കൻഡിലും എഫ്എഎ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാൻ ആയിരത്തോളം ശ്രമങ്ങൾ അയച്ചുകൊണ്ടിരുന്നു. ഇത് മൊത്തത്തിലുള്ള ശൃംഖലയെ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടു. ഞായറാഴ്ചയോടെ സിസ്റ്റം പൂർവസ്ഥിതിയിലാക്കിയെങ്കിലും ചിലയിടങ്ങളിൽ വൈകലുകൾ തുടരുന്നതായി ഗതാഗത സെക്രട്ടറി സീൻ ഡഫി സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.

2019ൽ ഹാരിസ് കോർപ്പറേഷനും എൽ3 ടെക്നോളജീസും ലയിച്ചാണ് എൽ3 ഹാരിസ് നിലവിൽ വന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ കരാർ കമ്പനികളിലൊന്നാണിത്. 2002 മുതൽ എഫ്.എ.എയുടെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ആധുനികവൽക്കരിക്കുന്നതിനുള്ള കോടികളുടെ കരാർ ഈ കമ്പനിക്കുണ്ട്.

എന്നാൽ, നവീകരണ ജോലികൾക്കിടയിൽ എൽ3 ഹാരിസിന്റെ സിസ്റ്റം തകരാറിലാകുന്നത് ഇതാദ്യമല്ല. 2009 നവംബറിലും ലോസ് ഏഞ്ചൽസിലെ റൂട്ടർ നവീകരണത്തിനിടയിൽ സമാനമായ രീതിയിൽ എഫ്.എ.എയുടെ ഇലക്ട്രോണിക് ഫ്ലൈറ്റ് പ്ലാൻ ഡാറ്റാ സിസ്റ്റം തകരാറിലാവുകയും 800-ലധികം സർവീസുകൾ വൈകുകയും ചെയ്തിരുന്നു.

നിലവിലെ സംഭവത്തിൽ എൽ3 ഹാരിസിന്റെ പിഴവാണോ റൂട്ടറിന്റെ കുഴപ്പമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് സീൻ ഡഫി വ്യക്തമാക്കി. കമ്പനിയുമായി തെരിഞ്ഞുപിരിയാൻ താൽപര്യമുണ്ടെങ്കിലും, ശൃംഖലയുടെ ഉടമസ്ഥത അവർക്കായതിനാൽ പെട്ടെന്ന് കരാർ റദ്ദാക്കാൻ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.

എഫ്എഎ നേരിടുന്ന പ്രതിസന്ധികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 1960-കളിൽ സ്ഥാപിച്ചതും റൂട്ടറുകൾക്കായി ഉപയോഗിക്കുന്നതുമായ 5,170ഓളം കോപ്പർ വയറുകൾ മാറ്റിസ്ഥാപിക്കാൻ ഏജൻസി വർഷങ്ങളായി ശ്രമിച്ചുവരികയാണ്.വിമാനങ്ങളുടെ യാത്രാപാതകളും മുന്നറിയിപ്പുകളും കാണിക്കാൻ എയർ ട്രാഫിക് കൺട്രോളർമാർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ 1980കളിലെ സ്ക്രീനുകളും ഫ്ലോപ്പി ഡിസ്ക് ഡ്രൈവുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.പഴയ റേഡിയോകളും സ്വിച്ചുകളും കേടുകൂടാതെ ലഭിക്കാൻ ഓൺലൈൻ വിപണിയായ ഇബേയെ വരെ ആശ്രയിക്കേണ്ടി വരുന്നുവെന്ന് സെക്രട്ടറി ഡഫി വെളിപ്പെടുത്തി.

ലാൻഡിങും ടേക്ക് ഓഫ് വിവരങ്ങളും ഏകോപിപ്പിക്കാൻ ഇപ്പോഴും പേപ്പർ സ്ട്രിപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതിലെ തകരാറുകൾ മുൻപും വലിയ അപകടസൂചനകൾക്ക് വഴിവെച്ചിട്ടുണ്ട്. 2023 ജനുവരിയിലും എഫ്.എ.എയുടെ നോട്ടിസ് ടു എയർമാൻ സിസ്റ്റം തകരാറിലായതിനെ തുടർന്ന് ദേശീയതലത്തിൽ സർവിസുകൾ നിർത്തിവെക്കേണ്ടി വന്നിരുന്നു.

ഗവേൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫിസിന്റെ സെപ്റ്റംബർ റിപ്പോർട്ട് പ്രകാരം, എഫ്.എ.എ ആശ്രയിക്കുന്ന 138 സിസ്റ്റങ്ങളിൽ 51 എണ്ണം സുസ്ഥിരമല്ലാത്തതും 54 എണ്ണം കാലഹരണപ്പെട്ട സാങ്കേതികവിദ്യ കാരണം സുസ്ഥിരമല്ലാതാകാൻ സാധ്യതയുള്ളവയുമാണ്. ഇതിൽ 58 എണ്ണം വ്യോമയാന സുരക്ഷയെ നേരിട്ട് ബാധിക്കുന്നവയാണ്. കൂടാതെ, 11,389 അപ്‌ഗ്രേഡ് പ്രോജക്റ്റുകൾ ഒരേസമയം ഏകോപിപ്പിക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടതായും ജി.എ.ഒ ചൂണ്ടിക്കാണിക്കുന്നു.

വ്യോമയാന മേഖലയുടെ നവീകരണത്തിനായി ട്രംപ് ഭരണകൂടം 5,000 കോടി ഡോളറിന്റെ അധിക ഫണ്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ ഫണ്ടിന്റെ കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.

എന്നാൽ, ആവശ്യത്തിന് പണം നൽകിയിട്ടും ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. 2025-ൽ കോൺഗ്രസ് 1,250 കോടി ഡോളർ അനുവദിച്ചിട്ടും ട്രംപ് ഭരണകൂടം ഇതിൽ 400 കോടി ഡോളർ മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യഥാർഥത്തിൽ ചെലവഴിച്ചതാകട്ടെ വെറും 100 കോടി ഡോളറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US aviation hit by outdated tech, floppy disks still in use
Next Story