ബോയിങ്ങിന്റെ കൂടുതൽ 737 വിമാനങ്ങളിൽ പരിശോധന വേണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ബോയിങ്ങിന്റെ കൂടുതൽ 737 വിമാനങ്ങളിൽ പരിശോധന വേണ്ടി വരുമെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. ബോയിങ് 737-900ER വിമാനങ്ങളിൽ പരിശോധന നടത്തണമെന്നാണ് ഏജൻസി അറിയിക്കുന്നത്. വിമാനങ്ങളിലെ ഡോർ പ്ലഗുകളിലാണ് കൂടുതൽ പരിശോധന വേണ്ടത്. പല വിമാന കമ്പനികളും പരിശോധനകളിൽ തകരാർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യു.എസ് ഏജൻസിയുടെ നടപടി.
737-900ER ബോയിങ്ങിന്റെ പുതിയ മാക്സ് വിമാനങ്ങളുടെ ഭാഗമല്ല. എങ്കിലും ഈ എയർക്രാഫ്റ്റുകൾക്കും മാക്സിന്റെ ഡോർ പ്ലഗുകളുടെ അതേ ഡിസൈനാണ് നൽകിയിരിക്കുന്നത്. പല വിമാനകമ്പനികളും 737-900ER പരിശോധന നടത്തുകയും തകരാർ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി ചുവടുപിടിച്ചാണ് യു.എസ് വ്യോമയാന അധികൃതരും പരിശോധനക്ക് ഒരുങ്ങുന്നത്.
അതേസമയം, യു.എസ് ഏവിയേഷൻ ഏജൻസിയുടെ നിർദേശത്തോട് പൂർണമായും സഹകരിക്കുമെന്ന് ബോയിങ് വക്താവ് അറിയിച്ചു. 2007ലാണ് ബോയിങ് 737-900ER വിമാനം ആദ്യമായി വിൽപന നടത്തിയത്. 2019ലാണ് അവസാന വിമാനം കൈമാറിയതെന്നും ബോയിങ് വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് അലാസ്ക എയർലൈൻ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ബോയിങ്ങിന്റെ 737-9 മാക്സ് വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ബോയിങ്ങിന്റെ 737 മാക്സ് സീരിസിൽ വിമാനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിൽ 346 പേർ കൊല്ലപ്പെട്ടിരുന്നു. 2018ലും 2019ും ഇന്തോനേഷ്യയിലും എത്യോപയിലുമാണ് വിമാന അപകടങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

