ഇറാനിയൻ പ്രഫസറെ കസ്റ്റഡിയിലെടുത്ത് യു.എസ് അധികൃതർ
text_fieldsതെഹ്റാൻ: അമേരിക്കയിൽ താമസിക്കാൻ അനുവദിക്കുന്ന വിസ കൈവശം ഉണ്ടായിട്ടും ഇറാനിയൻ പൗരനും ഒക്‍ലഹോമ സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമായ വാഹിദ് അബെദിനിയെ യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോറാൻ കോളജ് ഓഫ് ഇന്റർനാഷനൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസർ ആയ അബെദിനിയെ നവംബർ 22 ന് വാഷിങ്ടൺ ഡി.സിയിൽ ഒരു അക്കാദമിക് കോൺഫറൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് അദ്ദേഹം.
അബെദിനിയെ ഒക്‍ലഹോമ സിറ്റി ഫീൽഡ് ഓഫിസിൽ ഐ.സി.ഇ കസ്റ്റഡിയിലേക്ക് മാറ്റിയതായി ലോഗൻ കൗണ്ടി ഷെറിഫ് ഓഫിസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തിനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നോ ഐ.സി.ഇക്ക് കൈമാറിയതെന്നോ ഉള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല. ഐ.സി.ഇയും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും ഔദ്യോഗിക വിശദീകരണങ്ങളും നൽകിയിട്ടില്ല. അബെദിനിയുടെ നിലവിലെ അവസ്ഥയും വെളിപ്പെടുത്തിയിട്ടില്ല.
ഇറാൻ-അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനും ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രഫസറുമായ വാലി നാസർ, അബെദിനിയെ ഉടൻ മോചിപ്പിക്കണമെന്ന് ‘എക്‌സിലൂ’ടെ ആവശ്യപ്പെട്ടു. ‘അദ്ദേഹം ബഹുമാന്യനായ ഒരു പണ്ഡിതനും അധ്യാപകനുമാണ്. ഒക്‍ലഹോമ സർവകലാശാലയുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ വിസ സാധുവാണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാനും സർവകലാശാലയിലെ ജോലിയിലേക്ക് തിരികെ പ്രവേശിപ്പിക്കാനും ഞാനും അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കളും സഹപ്രവർത്തകരും വിദ്യാർഥികളും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം എഴുതി.
അബെദിനിയുടെ തടങ്കൽ തെറ്റാണെന്ന് ഒക്ലഹോമ സർവകലാശാലയിലെ സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസിന്റെ ഡയറക്ടർ ജോഷ്വ ലാൻഡിസ് വിശേഷിപ്പിച്ചു. പ്രത്യേക തൊഴിലുകളിലെ വ്യക്തികൾക്ക് നൽകുന്ന വിസ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക്കൻമാരുടെ കർശനമായ കുടിയേറ്റ അജണ്ടയുടെ ഭാഗമായി രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം മുന്നോട്ട് പോകുകയാണ്. ഈ വർഷം ജനുവരിയിൽ ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം പൂർണമായി പ്രാബല്യത്തിൽ വന്ന പദ്ധതി അമേരിക്കയിൽ തുടരാൻ നിയമപരമായ അവകാശമുള്ള വ്യക്തികളെ തടങ്കലിൽ വെക്കുന്നതിലും കടുത്ത തന്ത്രങ്ങളെക്കുറിച്ചും വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

