സമാധാനം അകലുന്നു, ഗൾഫിലേക്കും ആക്രമണം ; മേഖലയിൽ വീണ്ടും ആശങ്ക
text_fieldsവാഷിങ്ടൺ/തെഹ്റാൻ/കുവൈത്ത് സിറ്റി/മനാമ: ഇറാനിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫിലേക്കും സംഘർഷം വ്യാപിപ്പിക്കുന്നു. കുവൈത്തിനും ബഹ്റൈനും നേരെയും ഇറാൻ ആക്രമണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ ആറ് മണിയോടെ ആയിരുന്നു പുതിയ ആക്രമണം.
അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിച്ചു.ഫെബ്രുവരി 28ന് യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിനു നേരെ തുടർച്ചയായി ഇറാൻ ആക്രമങ്ങൾ നടതിയിരുന്നു.
അടുത്തിടെ ഇറാൻ-യു.എസ് സമാധാന കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇതിനിടെയാണ് ഇന്നത്തെ പുതിയ ആക്രമണം.
ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ജനങ്ങളോട് ശാന്തരായിരിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.അമേരിക്കൻ സൈന്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയാകെ കനത്ത ജാഗ്രതയിലാണ്. ണ്.
ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്.
ഇതോടെ, ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച വെടിനിർത്തൽ കരാറും അനുബന്ധ സമാധാന ശ്രമങ്ങളും വലിയ പ്രതിസന്ധിയിലായി. ചൊവ്വാഴ്ച ആരംഭിച്ച സൈനിക നടപടിയിൽ ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, ഉപരിതലത്തിൽനിന്ന് വായുവിലേക്കുള്ള മിസൈലുകൾ, കപ്പൽവേധ ക്രൂയിസ് മിസൈലുകൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യു.എസ് ലക്ഷ്യമിട്ടതെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ ഇറാനിലെ സിരിക് തുറമുഖം, ഖഷം ദ്വീപ്, ബന്ദർ അബ്ബാസ് എന്നിവക്ക് സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിരിക് തുറമുഖത്തെ വാണിജ്യ കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിൽ പലർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഹുർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും ഖത്തറിന്റെയും കപ്പലുകൾ ഉൾപ്പെടെ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതാണ് യു.എസ് നടപടിക്ക് വഴിവെച്ചത്. ഒരു ഖത്തറി എൽ.എൻ.ജി ടാങ്കറിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായപ്പോൾ, സൗദി ടാങ്കറിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, ഇറാനിയൻ എണ്ണ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയ ഉത്തരവ് യു.എസ് ട്രഷറി വകുപ്പ് റദ്ദാക്കി. ജൂൺ 17ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ പ്രകാരം ആഗസ്റ്റ് 21വരെ എണ്ണ വിൽപ്പനക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, കരാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 20 ദിവസത്തിനുള്ളിൽ തന്നെ യു.എസ് ഈ ഇളവ് പിൻവലിക്കുകയായിരുന്നു.
അമേരിക്കയുടെ നടപടി കരാറിന്റെ പത്താം വകുപ്പിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഫെബ്രുവരി അവസാനം മുതൽ ഇറാനെതിരെ യു.എസും ഇസ്രായേലും തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട കരാറാണിത്. തങ്ങളുടെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി ഇറാഖിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആക്രമണവാർത്തയെത്തുടർന്ന് രാജ്യത്തേക്ക് മടങ്ങി. ഹുമുസ് കടലിടുക്കിലെ ഗതാഗത മാർഗ്ഗങ്ങളെച്ചൊല്ലി നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തങ്ങൾ നിശ്ചയിക്കുന്ന വടക്കൻ പാതയിലൂടെ മാത്രമേ കപ്പലുകൾ പോകാവൂ എന്ന് ഇറാൻ നിർബന്ധം പിടിക്കുമ്പോൾ, യു.എസ് നാവികസേന സുരക്ഷയൊരുക്കുന്ന തെക്കൻ പാതയിലൂടെ സഞ്ചരിക്കാനാണ് വാഷിങ്ടൺ കപ്പലുകളോട് ആവശ്യപ്പെടുന്നത്.
മേഖലൽ അസ്ഥിരത വീണ്ടും വർധിച്ചതോടെ ലോക വിപണിയിൽ എണ്ണ വിലയിൽ ഉൾപ്പെടെ വൻ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

