സമാധാനം അകലെ: ഹുർമുസിൽ യു.എസ് ആക്രമണം, ലബനാനിൽ വെടിനിർത്താതെ ഇസ്രായേൽ
text_fieldsലബനാനിലെ ദിബിൻ നഗരത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
തെഹ്റാൻ/ ബൈറൂത്ത്: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കെ, ഇറാന്റെയും യു.എസിന്റെയും തുടർച്ചയായുള്ള ആക്രമണങ്ങൾ മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തെ ഇടവേളക്കുശേഷം ഹുർമുസിൽ യു.എസ് നാവിക സേന ഇറാനുനേരെ ആക്രമണം നടത്തിയപ്പോൾ മറുപടിയെന്നോണം ഇറാന്റെ പ്രത്യാക്രമണങ്ങൾ ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.
കഴിഞ്ഞദിവസത്തേതിന് സമാനമായി, കുവൈത്തിലൂം ബഹ്റൈനിലും അവർ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ സംഘടിപ്പിച്ചു. മറുവശത്ത്, ലബനാനിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയുമാണ്. നയതന്ത്ര ചർച്ചകൾ കാര്യമായി ഫലം കാണാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിലും ഈ സ്ഥിതി തുടരാൻ തന്നെയാണ് സാധ്യത. ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധത്തിലുള്ള യു.എസ് ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് കടൽ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത്. കടലിടുക്കിന് സമീപമുള്ള അന്താരാഷ്ട്ര കപ്പൽപ്പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നാണ് യു.എസ് സൈനിക വിഭാഗമായ സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
ഹുർമുസ് കടലിടുക്ക് ലക്ഷ്യമാക്കി നാല് അത്യാധുനിക ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായും യു.എസ് സൈന്യം പറഞ്ഞു. ലബനാനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി. ദക്ഷിണ ലബനാനിലെയും തലസ്ഥാനമായ ബൈറൂത്തിലെ പ്രാന്തപ്രദേശങ്ങളിലെയും ഒമ്പത് ഗ്രാമങ്ങൾ ഇസ്രായേൽ സൈന്യം ഒഴിപ്പിക്കുകയൂം ചെയ്തു. ലബനാനിൽ ശനിയാഴ്ച ഒമ്പത് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ, ലബനാനിലെ മരണസംഖ്യ 3500 കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

