'കൊണ്ടുനടക്കാം, ലക്ഷ്യം ലോക്ക് ചെയ്ത് തോളിൽ നിന്ന് തൊടുക്കാം..'; ജാവെലിൻ മിസൈലുകൾ ഉൾപ്പെടെ ഇന്ത്യക്ക് 826 കോടി രൂപയുടെ ആയുധം നൽകാൻ അമേരിക്ക
text_fieldsന്യൂയോർക്: ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പരിഹരിക്കുന്ന ഒരു വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിൽ ഇന്ത്യക്ക് 93 ദശലക്ഷം ഡോളറിന്റെ (ഏകദേശം 826 കോടി രൂപ) ആയുധങ്ങൾ നൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി അമേരിക്ക.
എക്സ്കാലിബർ പ്രൊജക്ടൈലുകൾ, ജാവെലിൻ മിസൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലയിലെ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന പ്രധാന ശക്തിയാണ് ഇന്ത്യയെന്ന് വാഷിങ്ടൺ അഭിപ്രായപ്പെട്ടു.
തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളികളായ ഇന്ത്യയുടെ സുരക്ഷാസന്നാഹങ്ങൾ ഇത് ശക്തിപ്പെടുത്തുമെന്നും പ്രസ്താവന തുടർന്നു. ആയുധവ്യാപാരം സംബന്ധിച്ച് യു.എസ് കോൺഗ്രസിനെ ധരിപ്പിക്കാനുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ പ്രതിരോധ സുരക്ഷ സഹകരണ ഏജൻസി പൂർത്തിയാക്കി.
യു.എസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനും അമേരിക്കയുടെ വിദേശനയങ്ങൾക്കും ദേശീയ സുരക്ഷ പരിഗണനകൾക്കും കരുത്തു പകരാനും വിൽപന കാരണമാകുമെന്ന് ഏജൻസി അഭിപ്രായപ്പെട്ടു. 216 എക്സ്കാലിബർ പ്രൊജക്ടൈലുകളാണ് ഇന്ത്യ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ചില പ്രതിരോധ അനുബന്ധ ഉപകരണങ്ങളും ഇടപാടിൽ ഉൾപ്പെടും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾക്ക് ശക്തി പകരുന്നതിനായി 113 GE-F404 എഞ്ചിനുകൾക്കായി, യു.എസ് ഭീമനായ ജനറൽ ഇലക്ട്രിക്കുമായി ഈ മാസം ആദ്യം ഇന്ത്യ ഒരു ബില്യൺ ഡോളറിലധികം (8,900 കോടി രൂപ) കരാറിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ കരാർ.
ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആധുനിക ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈൽ സംവിധാനമാണ് ജാവലിൻ മിസൈൽ സംവിധാനം. പ്രൊജക്റ്റുചെയ്‌ത് എല്ലാ ഭീഷണി കവചങ്ങളെയും പരാജയപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കൊണ്ടുനടക്കാവുന്ന ആയുധ സംവിധാനമാണിത്. ഇത് വിക്ഷേപിക്കുന്നതിന് മുമ്പ് ഒരു ലക്ഷ്യം ലോക്ക് ചെയ്യാൻ കഴിയും. തോളിൽ നിന്ന് വിക്ഷേപിക്കാവുന്നതും വെടിയുതിർക്കാൻ കഴിയുന്നതുമായ ഒരു ആയുധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

