Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്‌ന് 500 പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ യുഎസ് അനുമതി; ആഗോള ക്ഷാമത്തിനിടെ വിതരണം വെല്ലുവിളിയാകും

text_fields
bookmark_border
യുക്രെയ്‌ന് 500 പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ യുഎസ് അനുമതി; ആഗോള ക്ഷാമത്തിനിടെ വിതരണം വെല്ലുവിളിയാകും
cancel

വാഷിങ്ടൺ: റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്‌ന് 500 പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ അമേരിക്ക അനുമതി നൽകി. 210 കോടി ഡോളർ ചെലവു വരുന്ന ഇടപാടിന് യൂറോപ്യൻ രാജ്യങ്ങളും കാനഡയുമാണ് പണം നൽകുക. എന്നാൽ മിസൈലുകൾ യുക്രെയ്‌നിലെത്താൻ വർഷങ്ങളെടുത്തേക്കുമെന്ന് പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി.

അത്യാധുനിക പി.എസി-3 ഇന്റർസെപ്റ്റർ മിസൈലുകളാണ് വിൽക്കാൻ അനുമതി നൽകിയിരിക്കുന്നത്. റഷ്യയുടെ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ ഫലപ്രദമായ പ്രതിരോധ സംവിധാനമാണ് പാട്രിയറ്റ് മിസൈലുകളെന്ന് സെലൻസ്കി നേരത്തേ വ്യക്തമാക്കിയിരുന്നു. മിസൈലുകൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് വെള്ളിയാഴ്ചയും അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു.

കാനഡ, ജർമനി, നോർവേ എന്നിവയുടെ സംഭാവനകളും യൂറോപ്യൻ യൂണിയന്റെ യുക്രെയ്ൻ സപ്പോർട്ട് ലോണിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് ഇടപാടിനുള്ള പണം കണ്ടെത്തുക. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് കരാർ ലഭിക്കുക. എന്നാൽ വിൽപ്പനയിൽ അമേരിക്കൻ സർക്കാരിന്റെ ഫണ്ട് ഉൾപ്പെടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

അതിനിടെ, ശൈത്യകാലം അടുക്കുന്നതിനിടെ യുക്രെയ്‌നിലെ പ്രധാന ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ റഷ്യ ആക്രമണം ശക്തമാക്കിയതായി സെലൻസ്കി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തിന്റെ വൈദ്യുതി ശൃംഖലയിലെ നിർണായക കേന്ദ്രങ്ങൾക്കു നേരെ 30ലേറെ ആക്രമണങ്ങൾ ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. പാട്രിയറ്റ് മിസൈലുകൾ ഇപ്പോൾത്തന്നെ ആവശ്യമാണെന്നും സെലൻസ്കി എക്സിൽ കുറിച്ചു.

എന്നാൽ ആഗോളതലത്തിൽ പാട്രിയറ്റ് മിസൈലുകൾക്ക് ക്ഷാമമുണ്ട്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഈ മിസൈലുകൾ ഉപയോഗിച്ചതും ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. പുതിയതായി നിർമിക്കുന്ന മിസൈലുകളാണ് യുക്രെയ്‌നിന് നൽകാനുള്ളതെന്നാണ് സൂചന. അതിനാൽ ഉടൻ വിതരണം സാധ്യമാകില്ല. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിവർഷം 600 മിസൈലുകൾ മാത്രമാണ് നിർമിക്കുന്നത്.

അതേസമയം, അറ്റ്‌ലാന്റയിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ സാന്നിധ്യത്തിൽ യൂറോപ്യൻ നയതന്ത്രജ്ഞർ പ്രതിഷേധിച്ചു. ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോക്ക് നിൽക്കാൻ അവർ വിസമ്മതിച്ചു. യുക്രെയ്ൻ യുദ്ധത്തിലെ ആക്രമണകാരി ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാൻഡ് ലാവ്‌റോവിനോട് നേരിട്ട് പറഞ്ഞു. യുക്രെയ്‌നിലെ നിരപരാധികളായ സാധാരണക്കാരെ റഷ്യൻ സർക്കാർ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം ആദ്യം റഷ്യയിൽ നിന്നുള്ള ഡീസൽ വാങ്ങുന്നതിനുള്ള കരാറിന്റെ ഭാഗമായി ഉപരോധങ്ങളിൽ ഇളവ് വരുത്തിയതിനെച്ചൊല്ലി സെലൻസ്കിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ധാരണയിലെത്തുന്നതിനായി യുക്രെയ്‌നിന് പുതിയ നേതാവ് വേണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ ഒക്ടോബർ 20ന് ഓസ്ലോയിൽ യു.എസ് പ്രതിനിധികളുമായി സെലൻസ്കി നടത്തിയ ചർച്ചകൾക്കു ശേഷം സംഘർഷം കുറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US approves sale of 500 Patriot missiles to Ukraine
Next Story