നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 25 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 25മില്യൺ ഡോളർ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ച് യു.എസ്. മദൂറോ മൂന്നാമതും വെനിസ്വേലൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു യു.എസ് പ്രഖ്യാപനം. പ്രതിപക്ഷ നേതാക്കളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പഴിചാരലുകളാൽ മുഖരിതമായിരുന്നു മദൂറോയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മദൂറോയെ കൂടാതെ, ആഭ്യന്തരമന്ത്രി ഡിയസ്ഡാഡോ കാബെല്ലോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും പ്രതിഫലം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. 15 മില്യൺ ഡോളറാണ് പ്രതിരോധ മന്ത്രി വ്ലാദിമിർ പഡ്രിനോയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചാൽ പ്രതിഫലമായി യു.എസ് ഓഫർ നൽകിയിരിക്കുന്നത്.
ജഡ്ജിമാരും സുരക്ഷ സേനയിലെ അംഗങ്ങളും, സൈനിക ഉദ്യോഗസ്ഥരുമടക്കമുള്ള വെനിസ്വേലയിലെ 15 ഉന്നതർക്ക് യു.കെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിനെയും നിയമവാഴ്ചയുടെയും അടിത്തറയിളക്കിയതിനും വെനിസ്വേലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധം ചുമത്തിയതെന്ന് യു.കെ അറിയിച്ചു. വെള്ളിയാഴ്ച യൂറോപ്യൻ യൂനിയനും വെനസ്വേലയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യൻ യൂനിയന്റെ വാദം. കാനഡയും വെനസ്വേലക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മുതൽ യു.എസ് വെനസ്വേലക്കെതിരായ ഇന്ധന ഉപരോധം പുനസ്ഥാപിച്ചിരുന്നു. കൊക്കെയ്ൻ ഒഴുക്കു വർധിപ്പിച്ച് അമേരിക്കൻ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നും മയക്കുമരുന്ന് ആയുധമായി ഉപയോഗിക്കുന്നുവെന്നുമായിരുന്നു മദൂറോക്കെതിരെ യു.എസ് ഉയർത്തിയ പ്രധാന ആരോപണം. 2020 മുതൽ പാശ്ചാത്യ രാജ്യങ്ങളും പ്രതിപക്ഷ നേതാക്കളും ആവർത്തിക്കുന്ന ആരോപണങ്ങളെ തള്ളുകയാണ് മദൂറോ. രാജ്യത്തിന്റെ സാമ്പത്തിക അധപതനത്തിന് കാരണം യു.എസിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങളാണെന്നും മദൂറോ കുറ്റപ്പെടുത്തിയിരുന്നു.
ജൂലൈ 28നാണ് വെനിസ്വേലയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ബ്രസീലും കൊളംബിയയും അടക്കമുള്ള രാജ്യങ്ങൾ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

