ഇറാൻ -യു.എസ് സമാധാന കരാർ: ആർക്കാവും നേട്ടം?
text_fieldsകൈറോ: ലോകത്തെ മുൾമുനയിൽ നിർത്തി മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതികുറിച്ച് ഇറാൻ-യു.എസ് താൽക്കാലിക കരാർ ഉടനെന്ന് സൂചന. ഹുർമുസ് കടലിടുക്ക് തുറക്കുന്നതടക്കം ഏകദേശം വിഷയങ്ങളിൽ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. മധ്യസ്ഥരായ പാകിസ്താനു പുറമെ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കിയ, ഈജിപ്ത്, ജോർഡൻ, ബഹ്റൈൻ, ഇസ്രായേൽ രാഷ്ട്രങ്ങളുമായി ചർച്ചകൾ നടത്തിയതായും ട്രംപ് പറഞ്ഞു.
ചർച്ചകളിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ കൂട്ടിച്ചേർത്തു. എന്നാൽ, ഒന്നുരണ്ട് വിഷയങ്ങളിൽ ഇനിയും തടസ്സങ്ങൾ ബാക്കിനിൽക്കുന്നുവെന്നും രാജ്യത്തിന്റെ മരവിപ്പിക്കപ്പെട്ട ആസ്തികൾ വിട്ടുനൽകാതെ കരാറിനില്ലെന്നും ഇറാനും വ്യക്തമാക്കി. അണുവായുധം വികസിപ്പിക്കില്ലെന്നും നിലവിൽ രാജ്യത്തുള്ള 440.9 കിലോ സമ്പുഷ്ട യുറേനിയം വിട്ടുനൽകുന്നത് സംബന്ധിച്ച് തുടർചർച്ചകളിൽ തീരുമാനമെടുക്കുമെന്നും കരാറിന്റെ ഭാഗമായി ഇറാൻ സമ്മതിച്ചതായാണ് സൂചന.
60 ദിവസത്തിനിടെ തുടർചർച്ചകളിലാകും ഇവ എങ്ങനെ വിട്ടുനൽകുമെന്ന് തീരുമാനിക്കുക. ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം അവസാനിപ്പിക്കുന്ന മുറക്ക് ഹുർമുസും ഇറാൻ തുറക്കും. ഇറാനുമേൽ നിലനിൽക്കുന്ന എണ്ണ ഉപരോധവും യു.എസ് എടുത്തുകളയും. രണ്ടു മാസത്തിനിടെ ചർച്ചകളിൽ ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുന്നതിലും തീരുമാനമെടുക്കും.
ലബനാനിൽ ഇസ്രായേൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതും കരാറിന്റെ ഭാഗമാണ്. മേഖലയിൽ മറ്റു രാജ്യങ്ങളിൽ ഇടപെടുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ഇറാൻ നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയായി വെടിനിർത്തൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ചില വിഷയങ്ങളിൽ തട്ടി നീളുകയായിരുന്നു. ഇത്തവണ ഇവയിൽകൂടി ധാരണയുണ്ടായതായാണ് സൂചന.
ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ചേർന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതോടെ തുടക്കമായ യുദ്ധത്തിന് ഏപ്രിൽ ഏഴിന് താൽക്കാലിക വെടിനിർത്തൽ നിലവിൽവന്നെങ്കിലും സംഘർഷത്തിൽ അയവുണ്ടായിരുന്നില്ല. ഹുർമുസ് ഇറാൻ അടച്ചിടുകയും ലബനാനിൽ ഇസ്രായേൽ കുരുതി തുടരുകയും ചെയ്തതോടെ ലോകമെങ്ങും ഇതിന്റെ ആഘാതം രൂക്ഷമായി തുടരുകയാണ്. ഇന്ധനമടക്കം അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടതോടെ സംഘർഷം അവസാനിപ്പിക്കാൻ മുറവിളി ശക്തമായിരുന്നു.
ഇതിനിടെയും ലബനാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്നും കടന്നുകയറാനുള്ള സ്വാതന്ത്ര്യം നിലനിൽക്കുമെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കുന്നത്.
കരാർ ഉടനെന്ന് റൂബിയോ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനും ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനും സുപ്രധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ ശുഭവാർത്തയുണ്ടാകുമെന്ന് ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ റൂബിയോ പറഞ്ഞു.
ഹുർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പൊതുരൂപരേഖയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റൂബിയോ വ്യക്തമാക്കി. കരാർ അന്തിമഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാർക്കോ റൂബിയോയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

