21 മണിക്കൂർ ചർച്ച, ഒടുവിൽ വഴിമുട്ടി; ഇരുവഴിക്ക് ഇറാനും യു.എസും
text_fieldsഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
ഇസ്‍ലാമാബാദ്: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ തുടക്കമിട്ട യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാകിസ്താനിൽ നടന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ച സമവായത്തിലെത്താതെ പിരിഞ്ഞു. 21 മണിക്കൂറോളം നീണ്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇസ്‍ലാമാബാദിൽനിന്ന് മടങ്ങി.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാറദ് കുഷ്നർ എന്നിവരുമുണ്ടായിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലീബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് ഇറാൻ സംഘത്തെ നയിച്ചത്.
നിരവധി വിഷയങ്ങളിൽ സമവായത്തിലെത്തിയെങ്കിലും ആണവോർജം ഉൽപാദിപ്പിക്കാനുള്ള ഇറാന്റെ അവകാശം, ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം എന്നീ വിഷയങ്ങളിലാണ് ചർച്ച വഴിമുട്ടിയതെന്നാണ് റിപ്പോർട്ട്. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുശേഷം അമേരിക്കയും ഇറാനും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ ഉന്നതതല ചർച്ചയാണ് ഇസ്‍ലാമാബാദിൽ നടന്നത്. രാത്രി വൈകിയും തുടർന്ന ചർച്ച സമാധാനത്തിലേക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. യു.എസ് സംഘത്തോട് ഉടൻ തിരിച്ചുവരരുതെന്നും 24 മണിക്കൂറെങ്കിലും ഇസ്‍ലാമാബാദിൽ തുടരണമെന്നും ട്രംപ് ഭരണകൂടം നിർദേശിച്ചത് പ്രതീക്ഷ വർധിപ്പിച്ചു.
ചർച്ചയുടെ ഭാഗമായി ഇരുപക്ഷവും എഴുതി തയാറാക്കിയ രേഖകൾ കൈമാറി. എന്നാൽ, പിന്നീട് ചർച്ച വഴിമുട്ടുകയും ഇരുപക്ഷവും മടങ്ങുകയുമായിരുന്നു.
അതിനിടെ യു.എസ് നാവികസേന ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാന് ചുങ്കം നൽകി വരുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്രപാതയിൽ പ്രവേശിപ്പിക്കില്ലെന്നാണ് ഭീഷണി.
അതേസമയം, ആദ്യഘട്ട ചർച്ച പരാജയപ്പെട്ടെങ്കിലും സമാധാനത്തിന്റെ വഴി അടഞ്ഞിട്ടില്ലെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ പറഞ്ഞു.
യുദ്ധവ്യാപനം സംഭവിക്കരുതെന്നും സമാധാന ചർച്ചകളിലേക്ക് തിരിച്ചുവരണമെന്നും വിവിധ ലോകരാജ്യങ്ങൾ ഇറാനോടും അമേരിക്കയോടും ആവശ്യപ്പെട്ടു. അതിനിടെ ഇസ്രായേൽ ലബനാനിൽ ആക്രമണം തുടരുകയാണ്. തിഫഹ്ത നഗരത്തിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ആകെ മരണം 2000 കവിഞ്ഞതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

