യു.എസിൽ ഇസ്രയേലിന് പിന്തുണ കുറയുന്നതിന് കാരണം ബൈബിളിൽ അറിവില്ലാത്തതെന്ന് അമേരിക്കൻ അംബാസഡർ ഹക്കബി
text_fieldsമൈക്ക് ഹക്കബി
വാഷിംഗ്ടൺ: അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജനാഭിപ്രായം എതിരാകുന്നതിനും കാരണം ആളുകൾക്ക് ബൈബിളിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണെന്ന വിചിത്ര വാദവുമായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി. അമേരിക്കൻ വാർത്താ ചാനലായ 'ന്യൂസ്‌നേഷൻ' നൽകിയ അഭിമുഖത്തിലാണ് തീവ്ര ഇവാഞ്ചലിക്കൽ നിലപാടുകാരനായ അംബാസഡർ മൈക്ക് ഹക്കബി ഈ വിചിത്ര വാദങ്ങൾ നിരത്തിയത്.
അമേരിക്കയിൽ ഇസ്രായേൽ വിരുദ്ധ വികാരം പടരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജവാർത്തകളും വിദേശ രാജ്യങ്ങളുടെ നുണപ്രചാരണങ്ങളും, 'ഒരു ദൈവമുണ്ടെന്നും മനുഷ്യജീവിതത്തിന് ദൈവം നിശ്ചയിച്ച ചില നിയമങ്ങളുണ്ടെന്നും' വിശ്വസിക്കുന്നവരോടുള്ള അടങ്ങാത്ത വിദ്വേഷം, ബൈബിളിനെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ എന്നിവയാണ് ആ മൂന്ന് ഘടകങ്ങൾ. ഇവയെല്ലാം ഒത്തുചേരുമ്പോൾ ആളുകൾ ഇസ്രായേലിനെതിരെ തിരിയുകയും എല്ലാ തെറ്റുകൾക്കും ഇസ്രായേലിനെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഹക്കബി അവകാശപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണങ്ങളും ഇസ്രായേൽ ഒരു വർണവിവേചന രാഷ്ട്രമാണെന്ന വാദങ്ങളും തികച്ചും തെറ്റാണെന്നും, ആളുകൾ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ ഇസ്രായേലിനോട് കൂടുതൽ അനുഭാവം പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അമേരിക്കൻ പൊതുസമൂഹത്തിൽ ഇസ്രായേലിനോടുള്ള നിലപാടിൽ വൻ ഇടിവ് സംഭവിച്ചതായാണ് സമീപകാല സർവേകൾ വ്യക്തമാക്കുന്നത്. ഏപ്രിലിൽ പ്യൂ റിസർച്ച് നടത്തിയ സർവേ പ്രകാരം ഹക്കബിയെപ്പോലുള്ള വെള്ള ഇവാഞ്ചലിക്കൽ വിഭാഗക്കാർക്കിടയിൽ 65 ശതമാനം പിന്തുണ ഇസ്രായേലിനുണ്ടെങ്കിലും, യുഎസിലെ മൊത്തം പ്രായപൂർത്തിയായവരിൽ 60 ശതമാനം പേരും ഇസ്രായേലിനെ പ്രതികൂലമായാണ് കാണുന്നത്. കൂടാതെ, ജൂലൈയിലെ എപി-നോർക് സർവേ പ്രകാരം ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അമേരിക്കക്കാരിൽ ഭൂരിഭാഗവും. പകുതിയിലധികം അമേരിക്കക്കാർക്കും ആഗോള വിഷയങ്ങളിൽ ബെഞ്ചമിൻ നെതന്യാഹു ശരിയായ തീരുമാനം എടുക്കുമെന്ന കാര്യത്തിൽ ഒട്ടും വിശ്വാസമില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലിന്റെ കടുത്ത വിമർശകനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടതും ഇസ്രായേലിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പ്രസംഗിക്കവെ നെതന്യാഹു മംദാനിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. മംദാനി മേയറായതോടെ ന്യൂയോർക്കിലെ ജൂതന്മാർക്ക് നഗരത്തിൽ സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം. അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ന്യൂയോർക്കിലെത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്ന് മംദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

