യു.എസ് വ്യോമാക്രമണം ഒമ്പതാം ദിവസവും തുടരുന്നു; തിരിച്ചടിച്ച് ഇറാൻ, രണ്ട് എണ്ണക്കപ്പലുകൾ തകർത്തു, അത്യാധുനിക എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടു
text_fieldsവാഷിങ്‌ടൺ/തെഹ്‌റാൻ: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനുനേരെയുള്ള അമേരിക്കൻ വ്യോമാക്രമണം ഒമ്പതാം ദിവസവും ശക്തമായി തുടരുന്നു. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണ ശേഷി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഘട്ട ആക്രമണം ആരംഭിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ്അറിയിച്ചു. യുദ്ധം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ മേഖലയിലെ സൈനിക-സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നൽകുന്നത്. ജോർഡനിലെ അഖബ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യു.എസിന്റെ സി-17 ട്രാൻസ്‌പോർട്ട് വിമാനങ്ങൾക്കും പി-8 നിരീക്ഷണ വിമാനങ്ങൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. ആക്രമണത്തിൽ നിരവധി വിമാനങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. കൂടാതെ, അൽ-അസ്‌റഖ് വ്യോമതാവളത്തിൽ യു.എസ് സൈനികർ ഉപയോഗിച്ചിരുന്ന 20 താവളങ്ങൾ പൂർണമായി തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു.
പടിഞ്ഞാറൻ ഇറാന്റെ കെർമാൻഷാ പ്രവിശ്യയിലെ ഇസ്‌ലാമാബാദ്-ഇ ഗർബിന് മുകളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എം.ക്യു-9 ഡ്രോൺ ഇറാൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. ഇറാന്റെ സംയോജിത വ്യോമപ്രതിരോധ ശൃംഖലയുമായി ബന്ധിപ്പിച്ച ഐ.ആർ.ജി.സി എയറോസ്‌പേസ് ഫോഴ്‌സിന്റെ അത്യാധുനിക പ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തതെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർന്നതായി ഇറാൻ അറിയിച്ചു. മേഖലയിൽ യു.എസ് സൈനിക നടപടികൾ തുടരുന്നിടത്തോളം കാലം ഈ സമുദ്രപാതയിലൂടെ ഒരു തുള്ളി എണ്ണയോ വാതകമോ രാസവളമോ കൊണ്ടുപോകുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് തസ്നീം വാർത്താ ഏജൻസി വഴി ഇറാൻ മുന്നറിയിപ്പ് നൽകി.
വടക്കൻ ഇറാഖിൽ തകർത്തുവീഴ്ത്തിയ ഇറാനിയൻ ഡ്രോണിലെ പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കൾ നിയന്ത്രിതമായി സ്ഫോടനം നടത്തുന്നതിനിടെ ഒരു യു.എസ് സൈനികൻ കൊല്ലപ്പെട്ടു. ജൂലൈ 18നാണ് സംഭവം നടന്നതെന്ന് സെന്റ്‍കോം സ്ഥിരീകരിച്ചു. അപകടത്തിൽ മറ്റൊരു യു.എസ് സൈനികന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം കൊല്ലപ്പെടുന്ന പതിനേഴാമത്തെ യു.എസ് സൈനികനാണ് ഇദ്ദേഹം.
തെക്കുപടിഞ്ഞാറൻ ഇറാാനിലെ ഹൂർമൂജ് നഗരത്തിൽ യു.എസ് വ്യോമാക്രമണം നടന്നതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ഒരു പ്രത്യേക പ്രദേശം ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ആക്രമണം. ബോംബാക്രമണത്തെ തുടർന്ന് നഗരത്തിന്റെ വലിയൊരു ഭാഗത്തും സമീപപ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി.
ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവികസേനയുമായി ബന്ധപ്പെട്ട പ്രധാന സൈനിക താവളങ്ങൾ ഈ മേഖലയിലാണ് ഉള്ളത്. മേഖലയിലെ ഇറാന്റെ നാവിക-മിസൈൽ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ് ഈ പ്രദേശങ്ങളെ ലക്ഷ്യമിടുന്നത്. മുൻപും നിരവധി തവണ ഈ മേഖലയിൽ അമേരിക്കൻ വ്യോമാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

