
പ്രതികാര ഭീഷണിയുമായി വീണ്ടും ഇറാൻ; തിരിച്ചുവിളിച്ച യുദ്ധക്കപ്പൽ ഗൾഫിൽ നിലനിർത്തി അമേരിക്ക
text_fields
ഇറാനുമായി സംഘർഷം ഉടൻ അവസാനിപ്പിക്കില്ലെന്ന സുചനയുമായി യുദ്ധക്കപ്പൽ ഗൾഫ് കടലിൽ നിലനിർത്തി യു.എസ്. 'ഇറാൻ ഭീഷണി' അവസാനിച്ചില്ലെന്ന വാദമുയർത്തിയാണ് നിരവധി യുദ്ധവിമാനങ്ങളുമായി ഗൾഫിലെത്തിയ യു.എസ്.എസ് നിമിറ്റ്സ് യുദ്ധസജ്ജമായി ഹുർമുസ് കടലിനോട് ചേർന്ന് നങ്കൂരമിട്ടുനിൽക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ ഗൾഫ് കടലിൽ സ്ഥിര സാന്നിധ്യമായ യു.എസ്.എസ് നിമിറ്റ്സ് അടിയന്തരമായി തിരിച്ചുവിളിച്ച് നേരത്തെ പെൻറഗൺ ഉത്തരവിട്ടിരുന്നു.
ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ ബോംബ് വർഷിച്ച് വധിച്ചതിെൻറ ഒന്നാം വാർഷികത്തിൽ പ്രതികാരമുണ്ടാകുമെന്ന് ഭയന്ന് മേഖലയിൽ അമേരിക്ക നേരത്തെ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു. കര, നാവിക, വ്യോമ സേനയും യുദ്ധവിമാനങ്ങളും മിസൈലുകളും കൂട്ടമായി അണിനിരത്തിയെങ്കിലും ഇറാൻ വാക്കുകളിൽ പ്രതികാരം അവസാനിപ്പിച്ചത് മേഖലയെ താത്കാലികമായി സമാധാനത്തിലാക്കിയിരുന്നു. എന്നാൽ, ഖാസിം സുലൈമാനി വധത്തിന് പ്രതികാരം ഉറപ്പാണെന്ന് ഇറാൻ കഴിഞ്ഞ ദിവസവും നയം വ്യക്തമാക്കിയതോടെയാണ് യു.എസ്.എസ് നിമിറ്റ്സിനെ പിൻവലിക്കാനുള്ള തീരുമാനം പിൻവലിക്കാൻ യു.എസ്.എസിന് പ്രേരകമായത്.
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലായിരുന്നു കഴിഞ്ഞ വർഷം ജനുവരി മൂന്നിന് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാഖി സൈനിക പ്രമുഖൻ അബൂ മഹ്ദി അൽമുഹൻദിസും സംഭവത്തിൽ കൊല്ലപ്പെട്ടു.
വാർഷിക ദിനമായ ഞായറാഴ്ച ഇറാഖിലുടനീളം അമേരിക്കൻ സേന ഉടൻ പിൻമാറണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയിരുന്നു. ഇറാൻ, സിറിയ, ലബനാൻ, യെമൻ എന്നിവിടങ്ങളിലും പ്രതിഷേധം കനത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
