അമേരിക്കൻ പടക്കപ്പൽ യു.എസ്.എസ് നിമിറ്റ്സ് പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ടുകൾ
text_fieldsയു.എസ്.എസ് നിമിറ്റ്സ് (File Photo)
ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ. യു.എസിന്‍റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ് വിയറ്റ്നാമിൽ ഡോക്ക് ചെയ്യാനുള്ള മുൻതീരുമാനം റദ്ദാക്കി പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
വൈകീട്ട് 7.15ലെ ഷിപ് ട്രാക്കിങ് വിവരമനുസരിച്ച് യു.എസ്.എസ് നിമിറ്റ്സ് മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്.
ജൂൺ 20ന് യു.എസ്.എസ് നിമിറ്റ്സിന് വിയറ്റ്നാമിൽ സ്വീകരണം നൽകേണ്ടതായിരുന്നു. ജൂൺ 19 മുതൽ 23 വരെ വിയറ്റ്നാമിലെ ഡാനാങിൽ ഡോക് ചെയ്യേണ്ടതായിരുന്നു കപ്പൽ. എന്നാൽ, സ്വീകരണം റദ്ദാക്കിയതായി വിയറ്റ്നാമീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. 'അടിയന്തര ആവശ്യം' വന്നതിനാൽ കപ്പലിനുള്ള സ്വീകരണം ഒഴിവാക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിൽ നിന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.
ലോകത്തെ വൻകിട യുദ്ധക്കപ്പലുകളിലൊന്നാണ് യു.എസ്.എസ് നിമിറ്റ്സ്. 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട് ഇതിന്. മേഖലയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുമോയെന്ന ആശങ്കയുടെ പുറത്താണ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

