പത്താം നാളിലും ഇറാന് നേരെ യു.എസ് വ്യോമാക്രമണം; പ്രത്യാക്രമണവുമായി ഇറാനും, മധ്യസ്ഥ നീക്കങ്ങൾ ശക്തം
text_fieldsതെഹ്റാൻ/വാഷിങ്ടൺ: ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടർച്ചയായ പത്താം നാളിലേക്ക് കടന്നതോടെ മേഖല അതീവ ഗുരുതരമായ യുദ്ധഭീതിയിൽ. ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യു.എസ് അവസാനമായി ബോംബാക്രമണം നടത്തിയത്.
അതേസമയം, ഇതിന് ശക്തമായ പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) രംഗത്തെത്തി. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. കൂടാതെ ലോകത്തെ പ്രമുഖ എണ്ണ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകളിൽ വലിയ തോതിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ട് ഐ.ആർ.ജി.സി രണ്ടാമതൊരു പ്രസ്താവന കൂടി പുറപ്പെടുവിച്ചു. കുവൈത്തിലെ അഹമ്മദ് അൽ ജബർ വ്യോമസേനാ താവളത്തിലുള്ള യു.എസിന്റെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന റഡാർ, മിസൈൽ പ്രതിരോധ റഡാർ സംവിധാനം, പേട്രിയറ്റ് പ്രതിരോധ സംവിധാനം, എയർ ഡിഫൻസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ തകർത്തതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ കൂടുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിന് മുന്നോടിയായി മേഖലയിലെ റഡാർ നിരീക്ഷണങ്ങൾ നിർവീര്യമാക്കാനാണ് ഈ ഘട്ടത്തിൽ ശ്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കുന്നു.
ഒമാൻ തീരത്തെ ലിമ മേഖലക്ക് സമീപം ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കറിന് നേരെ തിരിച്ചറിയാത്ത വസ്തു പതിച്ച് ആക്രമണമുണ്ടായതായി യു.കെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് ഇരയായ കപ്പലിലെ ജീവനക്കാർ അത് ഉപേക്ഷിച്ച് ജീവൻരക്ഷാ ബോട്ടുകളിലേക്ക് മാറിയതായി കമ്പനി കമ്പനിയുടെ സി.എസ്.ഒ അറിയിച്ചു.
സുരക്ഷിതമല്ലാത്ത തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളിൽ വലിയ സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായതായി ഐ.ആർ.ജി.സി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കപ്പൽ ഉപേക്ഷിച്ച വാർത്ത് പുറത്തുവന്നത്.
മേഖലയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള യു.എസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജാഗ്രതാ നിർദേശം (നൽകി. മിഡിൽ ഈസ്റ്റിലുള്ള അമേരിക്കക്കാർ യാത്രാ തടസ്സങ്ങൾക്കും വിമാന സർവിസുകൾ റദ്ദാക്കുന്നതിനും വ്യോമപാത അടച്ചിടുന്നതിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലുള്ളവർ മിഡിൽ ഈസ്റ്റിലേക്കോ അതുവഴിയോ ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. വിദേശത്തുള്ള നയതന്ത്ര കാര്യാലയങ്ങൾക്കും മറ്റും ഇറാന്റെയോ സഖ്യഗ്രൂപ്പുകളുടെയോ ഭാഗത്തുനിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം രൂക്ഷമായി തുടരുമ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ മധ്യസ്ഥശ്രമങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവുണ്ടായി. യമനിലെ ഹൂതികൾ സൗദി അറേബ്യക്ക് നേരെ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും മധ്യസ്ഥ വാർത്തകൾ വിപണിക്ക് നേരിയ ആശ്വാസമായി.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 35 സെന്റ് (0.4 ശതമാനം) കുറഞ്ഞ് 88.87 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 82.47 ഡോളർ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

