യു.എസിനെതിരായ പ്രതിഷേധ വേദിയായി ഖാംനഈ സംസ്കാര ചടങ്ങ്
text_fieldsസംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംന ഈയുടെതുൾപ്പെടെ മയ്യിത്തുകൾ
പൊതുദർശനത്തിന് വെച്ചപ്പോൾ
തെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ യു.എസിനെതിരായ പ്രതിഷേധത്തിന്റെ വേദി കൂടിയായി മാറി.
ശനിയാഴ്ച തഹ്റാനിലെ ഗ്രാൻഡ് മുസല്ലയിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ജനങ്ങൾ യു.എസിനെതിരെ മുദ്രാവാക്യം വിളിച്ചും രോഷം പ്രകടിപ്പിച്ചുമാണ് മടങ്ങിയത്. ‘ഞങ്ങളുടെ വാക്കുകൾ ഒന്നാണ്, പ്രതികാരം പ്രതികാരം’ എന്ന മുദ്രാവാക്യം ചടങ്ങുകളിലുടനീളും അലയടിച്ചു. കറുത്ത ബാനറുകളും കൊടികളുമേന്തിയാണ് ചിലർ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
തെരുവോരങ്ങളിലെല്ലാം ഖാംനഈയുടെ ചിത്രങ്ങൾ പതിച്ചിരുന്നു. മരണത്തിനുമുമ്പ് ഖാംനഈ പ്രസംഗിച്ച തെഹ്റാനിലെ അതേ തെരുവിൽ തന്നെയായിരുന്നു മൃതദേഹം പൊതുദർശനത്തിനുള്ള സ്റ്റേജും ഒരുക്കിയിരുന്നത്. അമേരിക്കയുടെ 250ാം ദേശീയ ദിനമായിരുന്നു ജൂലൈ നാല് എന്നതും യാദൃച്ഛികതയായി. അമേരിക്കയുടെ മരണം എന്നും ചിലർ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ട്രംപിനെ വധിക്കണമെന്ന ആഹ്വാനവും ഉയർന്നുകേട്ടു. അതേസമയം, മൗണ്ട് റഷ്മോറിന്റെ മുൻഭാഗത്തുള്ള സൗത്ത് ഡക്കോട്ടയിൽ നടന്ന ചടങ്ങിൽ ഇറാനെ അമേരിക്ക തകർത്തെറിഞ്ഞതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു.
ഇറാനിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അയൽ രാജ്യമായ ഇറാഖിലെ വിവിധയിടങ്ങളിലും മൃതദേഹം പൊതുദർശനത്തിനുവെക്കും. ഇവിടങ്ങളിലേക്ക് ജനലക്ഷങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. സംസ്കാര ചടങ്ങിന്റെ ഭാഗമായി നഗരങ്ങളെല്ലാം നിശ്ചലമായിരുന്നു. വ്യോമപാതയും ഇറാൻ അടച്ചിരിക്കുകയാണ്. ജൂലൈ ആറിന് നടക്കുന്ന ഖബറടക്ക ചടങ്ങുകളിൽ മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ ആയത്തുല്ല മുജ്തബ ഖാംനഈ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
മുജ്തബ ഖാംനഈയെ ചടങ്ങിൽ വെച്ച് വധിക്കുമെന്നാണ് ഇസ്രായേൽ ഭീഷണി. ഇതിനെതിരെ ഇറാൻ സംയുക്ത സൈനിക കമാൻഡ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തെറ്റായ കണക്കുകൂട്ടലുകളിൽ നിന്ന് യു.എസ് മാറിനിൽക്കണമെന്ന് അവർ വ്യക്തമാക്കി. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് 86കാരനായ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്. തുടർന്ന് നാലുമാസത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

