Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻവിഡിയ ചാരവൃത്തി വിവാദം; മെഗാസ്‌പീഡിനെ കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക

text_fields
bookmark_border
എൻവിഡിയ ചാരവൃത്തി വിവാദം; മെഗാസ്‌പീഡിനെ കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക
cancel

വാഷിംഗ്ടൺ: എൻവിഡിയ ഉൾപ്പെട്ട ചാരവൃത്തി വിവാദത്തിന്റെ കേന്ദ്രബിന്ദുവായ സിങ്കപ്പൂർ ആസ്ഥാനമായ മെഗാസ്‌പീഡ് ഇന്റർനാഷണൽ കമ്പനിയെയും തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് ആറ് സ്ഥാപനങ്ങളെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കൻ വാണിജ്യ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജെൻസൻ ഹുവാങ് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി മണിക്കൂറുകൾക്കകമാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം.

അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയ താൽപ്പര്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കമ്പനികൾക്കെതിരെ നടപടിയെടുത്തതെന്ന് ഫെഡറൽ രജിസ്റ്ററിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ഉൾപ്പെടെയുള്ള അമേരിക്കൻ സാങ്കേതികവിദ്യകൾ ഈ കമ്പനികൾക്ക് കൈമാറുന്നതിന് പ്രത്യേക കയറ്റുമതി ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

ചൈനീസ് ഇന്റലിജൻസിനായി പ്രവർത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന മെഗാസ്‌പീഡ് മുൻ എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിനുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ രൂക്ഷമായിരുന്നു. കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാസ്‌പീഡ് ചൈനയിലേക്ക് ചിപ്പുകൾ കടത്തുന്നുണ്ടോ എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വർഷങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

എന്നാൽ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ആദ്യം വിസമ്മതിച്ചത് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഉൾപ്പെടെയുള്ള ചൈന വിരുദ്ധ നിലപാടുള്ള ഉദ്യോഗസ്ഥരുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. വിവാദം പരസ്യമായതോടെയാണ് വാണിജ്യ വകുപ്പ് നടപടിക്ക് നിർബന്ധിതമായത്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും ബെയ്ജിംഗ് പ്രതികരിച്ചു.

ജെൻസൻ ഹുവാങ്ങിനെ സിഇഒ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ എൻവിഡിയ ഡയറക്ടർ ബോർഡിൽ താൻ നേരിട്ട് ഇടപെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. അതേസമയം ഹുവാങ്ങിന്റെ തിരിച്ചുവരവ് വാർത്ത പുറത്തുവന്നതോടെ എൻവിഡിയ ഓഹരികൾ 31.5 ശതമാനം കുതിച്ചുയർന്നു. ഇത് 18 മാസത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റദിവസത്തെ നേട്ടത്തിലേക്ക് അമേരിക്കൻ ഓഹരി വിപണിയെ നയിച്ചു. മെഗാസ്‌പീഡിന് പുറമെ മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന എംഎസ്ഫ്യൂഷൻ, പിടി മെഗാസ്‌പീഡ് ഇന്റർനാഷണൽ, സ്പീഡ്മാട്രിക്സ്, അപെക്സ് എന്റർപ്രൈസ് സൊല്യൂഷൻസ്, സ്വിഫ്റ്റ്ഡാറ്റ, മെഗാസ്‌പീഡ് എന്നീ സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US adds Megaspeed to trade blacklist
Next Story