ന്യൂനപക്ഷ ആനുകൂല്യങ്ങൾ കൈക്കലാക്കാൻ ഉയർന്ന ജാതിക്കാർ ‘കടലാസിൽ’ മതം മാറുന്നു; ഹരിയാന സർക്കാറിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങൾ കൈക്കലാക്കാൻ മാത്രമായി ഹരിയാനയിലെ ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കളിൽ ചിലർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന ആരോപണത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത് സുപ്രീംകോടതി. സംഭവത്തെ ‘പുതിയ തരം വഞ്ചന’ എന്ന് വിശേഷിപ്പിച്ച കോടതി ഗുരുതരമായ ഈ വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു.
ബുദ്ധമത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ന്യൂനപക്ഷ ഉദ്യോഗാർഥിയായി പ്രവേശനം ആവശ്യപ്പെട്ട് ഹിസാർ നിവാസിയായ നിഖിൽ കുമാർ പുനിയ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച്. ഹരജിയോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ‘കൊള്ളാം! ഇതൊരു പുതിയ തരം തട്ടിപ്പാണ്’ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടർന്ന് സംസ്ഥാനത്ത് മതന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രക്രിയ വിശദീകരിക്കാൻ ഹരിയാന സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കാനും അത്തരം സാഹചര്യങ്ങളിൽ ഉയർന്ന ജാതിയിലുള്ള ജനറൽ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥിക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ അനുവാദമുണ്ടോ എന്ന് വ്യക്തമാക്കാനും കോടതി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. വാദം കേൾക്കുന്നതിനിടെ, ഹരജിക്കാരന്റെ ജാതി പശ്ചാത്തലം ബെഞ്ച് ചോദ്യം ചെയ്തു. ‘നിങ്ങൾ ഏത് ന്യൂനപക്ഷത്തിൽ നിന്നുള്ളയാളാണ്? ഇപ്പോൾ വ്യക്തമായി ചോദിക്കട്ടെ. ഒരു പുനിയയാണോ? നിങ്ങൾ ഏത് പുനിയയാണ്?’ എന്ന് കോടതി ചോദിച്ചു.
മറുപടിയായി, ഹരജിക്കാരന്റെ അഭിഭാഷകൻ പൊതു വിഭാഗത്തിൽപെടുന്ന ജാട്ട് പുനിയ സമുദായത്തിൽ പെട്ടയാളാണെന്ന് പറഞ്ഞു. ന്യൂനപക്ഷ അവകാശവാദത്തിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചപ്പോൾ, ഹരജിക്കാരൻ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും മതപരിവർത്തനം വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും കാര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. ഇത്തരം അവകാശവാദങ്ങൾ യഥാർഥ ന്യൂനപക്ഷ ഉദ്യോഗാർഥികളുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്തുമെന്ന് കോടതി ചൂണ്ടിക്കാട്ടി, ഹരജിക്കാരന് ഒരു ആശ്വാസവും നൽകാതെ ഹരജി തള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

