ഗസ്സയുടെ പട്ടിണിയകറ്റുന്നവരെ ഉന്നമിട്ട് ഇസ്രായേൽ; ഭക്ഷണ ട്രക്കുകൾക്ക് നേരെ യുദ്ധക്കപ്പലിൽനിന്ന് ആക്രമണം
text_fields
ഇന്ന് പുലർച്ചെ ഇസ്രായേൽ യുദ്ധക്കപ്പലിൽനിന്നുള്ള ആക്രമണത്തിൽ തകർന്ന ഭക്ഷണവുമായി പോയ യു.എൻ.ഡബ്ല്യു.ആർ.എയുടെ ട്രക്ക്
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ കിടപ്പാടം പോലും നഷ്ടമായി കൊടുംപട്ടിണിയിൽ കഴിയുന്ന ഗസ്സക്കാർക്ക് ഭക്ഷണവുമായി പോയ യു.എൻ ട്രക്കിന് നേരെ ആക്രമണം. ഇസ്രായേൽ യുദ്ധക്കപ്പലിൽ നിന്നാണ് ട്രക്കിന് നേരെ വെടിവെപ്പുണ്ടായത്. ഭക്ഷ്യവസ്തുകകൾ നശിക്കുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തതായി യു.എൻ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്ന് പുലർച്ചെ വടക്കൻ ഗസ്സയിലേക്ക് ഭക്ഷണവുമായി പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ഇസ്രായേൽ യുദ്ധക്കപ്പൽ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ഡബ്ല്യു.ആർ.എ) ഗസ്സ ഡയറക്ടർ തോമസ് വൈറ്റ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ തകർന്ന ട്രക്കുകളുടെ ചിത്രങ്ങൾ ഏജൻസിയുടെ എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചു.
നാലുമാസമായി ഇസ്രായേൽ തുടരുന്ന കര, വ്യോമ, നാവിക ആക്രമണത്തിൽ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ തകർന്ന് തരിപ്പണമായിരിക്കുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും വിതരണം ചെയ്യാനുള്ള സംവിധാനങ്ങളെല്ലാം ഇസ്രായേൽ നശിപ്പിച്ചു. നിരവധി ആശുപത്രികൾ തകർത്തതോടെ യുദ്ധത്തിൽ പരിക്കേറ്റവരും മറ്റുരോഗികളും ചികിത്സക്കായി വലയുകയാണ്. വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ട് റഫ അതിർത്തിയോട് ചേർന്ന ഭാഗത്ത് അഭയാർഥികളായി കഴിയുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികൾ ഇപ്പോൾ ഇതിനെല്ലാം ആശ്രയിക്കുന്നത് യു.എൻ.ഡബ്ല്യു.ആർ.എയെയാണ്.
#Gaza this morning a food convoy waiting to move into Northern Gaza was hit by Israeli naval gunfire - thankfully no one was injured@UNRWA pic.twitter.com/1kvShgX6MG
— Thomas White (@TomWhiteGaza) February 5, 2024
എന്നാൽ, ഇതിന് ധനസഹായം നൽകുന്നത് നിരവധി പാശ്ചാത്യ രാജ്യങ്ങൾ അടുത്തിടെ നിർത്തലാക്കിയിരുന്നു. ഇതോടെ വളരെ ഞെരുക്കത്തിലാണ് ഏജൻസിയുടെ പ്രവർത്തനം. ധനസഹായം പുനസ്ഥാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിൽ തങ്ങൾ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് സഹായവുമായെത്തിയ ട്രക്ക് ഇസ്രായേൽ ആക്രമി നടുക്കുന്ന സംഭവവും പുറത്തുവരുന്നത്.
ഗസ്സയിൽ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. സഹായം താൽക്കാലികമായി നിർത്താനുള്ള വിവിധ അംഗരാജ്യങ്ങളുടെ നീക്കം ഗസ്സയിലെ ജനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യു.എൻ അടക്കം 15 അന്താരാഷ്ട്ര സംഘടനകളുടെ മേധാവികൾ ഒപ്പുവെച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ‘ഗസ്സയിലെ പരിക്കേറ്റവരും വീടുനഷ്ടപ്പെട്ടവരുമായ ലക്ഷക്കണക്കിനാളുകളെ സേവിക്കുന്ന സന്നദ്ധ സംഘടനക്ക് ഫണ്ട് നിഷേധിക്കുന്നത് അപകടകരവും ദൂരവ്യാപകമായ മാനുഷികദുരന്തത്തിന് വഴിവെക്കുന്നതുമാണ്. ഗസ്സയിലെ ജനങ്ങളെ ലോകം കൈവിടരുത്. ഗസ്സയിലെ 22 ലക്ഷം ആളുകൾക്ക് അടിയന്തിര സഹായം എത്തിക്കാൻ യു.എൻ.ആർ.ഡബ്ല്യു.എയെ പോലെ ശേഷിയുള്ള മറ്റൊരു സംവിധാനവും നിലവിലില്ല. സ്വന്തം സഹപ്രവർത്തകർ വരെ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തപ്പോഴും അവർ അവിടെ സേവനനിരതരാണ്’ -പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

