വാഷിങ്ടൺ: 12 ദിവസം മുമ്പായിരുന്നു യു.എസിലെ ന്യൂയോർക് സംസ്ഥാനത്ത് ബഫലോ പട്ടണത്തിൽ ഞെട്ടലായി വൻ വെടിവെപ്പ് നടന്നത്. വംശവെറി തലക്കുപിടിച്ച വെള്ളക്കാരൻ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ച് സൂപ്പർമാർക്കറ്റിലെത്തി കറുത്തവംശജരെ തിരഞ്ഞുപിടിച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. 10 നിരപരാധികൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത ദിവസം കാലിഫോർണിയയിലെ ചർച്ചിൽ കയറിയ അക്രമി ഒരാളെ വെടിവെച്ചുകൊന്നു. അഞ്ചുപേരെ പരിക്കേൽപിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ ടെക്സസിലെ പ്രാഥമിക വിദ്യാലയത്തിൽ 22 കുരുന്നുകളാണ് തോക്കിനിരയായി പിടഞ്ഞുവീണത്. എന്നിട്ടും പക്ഷേ, അമേരിക്ക തോക്ക് നിരോധനത്തിന്റെ സാധ്യതകൾ പരിശോധിക്കാവുന്ന സ്ഥിതിയിലായിട്ടില്ല.
മുമ്പും തോക്കേന്തിയ കുറ്റവാളികൾ അമേരിക്കയെ കണ്ണീരിൽ മുക്കിയിട്ടുണ്ട്. 2018ൽ േഫ്ലാറിഡയിൽ 17 പേരും അതിന് മുമ്പ് ന്യൂടൗണിലെ സാൻഡി ഹൂക് എലെമന്ററി സ്കൂളിൽ 26 പേരും ദാരുണമായി വെടിയേറ്റു വീണിരുന്നു. സ്കൂളിൽ കയറിയുള്ള മൂന്നാമത്തെ വൻ വെടിവെപ്പാണ് ടെക്സസിലേത്.
എണ്ണത്തിലും ജനസംഖ്യയെ തോൽപിച്ച് തോക്കുകൾ
യു.എസിൽ ജനസംഖ്യയെക്കാൾ ബഹുദൂരം മുന്നിലാണ് ജനത്തിന്റെ കൈകളിലെ തോക്കുകൾ. 2018ലെ കണക്കുപ്രകാരം 33 കോടി ജനങ്ങൾക്ക് 40 കോടി തോക്കുകൾ. ഒരു പതിറ്റാണ്ടിലേറെയായി റൈഫിളുകളെക്കാൾ ആളുകൾക്കിഷ്ടം യന്ത്രവത്കൃത ഹാൻഡ്ഗണ്ണുകളാണ്. കോവിഡ് കാലത്ത് ജനം വീട്ടിലിരുന്നപ്പോഴും തോക്കുവിൽപന റെക്കോഡുകൾ ഭേദിച്ചു. 2000ത്തിൽ 39 ലക്ഷം തോക്ക് വിൽപന നടന്നിടത്ത് 2020ലെത്തിയപ്പോൾ അത് 1.13 കോടിയായി. അതേ വേഗത്തിലാണ് തോക്കുകൾ വരുത്തുന്ന മരണത്തിലുമുണ്ടായ വർധന.
2020ൽ സ്വയം വെടിയുതിർത്തോ അശ്രദ്ധമായി വെടി പൊട്ടിയോ കൊല്ലപ്പെട്ടത് 1,380 പേർ. കഴിഞ്ഞ വർഷം 1,500ലേറെ. ഓരോ വർഷവും തോക്കുകൾ കൂടുതൽ ജീവനെടുക്കുമ്പോഴും നടപടി സ്വീകരിക്കാൻ പക്ഷേ, ഭരണകൂടം വിസമ്മതിക്കുന്നു. തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന പോലും നടത്താൻ നിയമങ്ങളില്ല. സ്കൂൾ വെടിവെപ്പ് റിപ്പോർട്ട് ചെയ്ത ടെക്സസിൽ മാത്രം 10 ലക്ഷത്തിലേറെ പേരുടെ വശം തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവിടെ കൈയിൽ തോക്കുമായി നടക്കാൻ ലൈസൻസ് വേണമെന്ന നിയമം 2021ൽ എടുത്തുകളഞ്ഞിരുന്നു. 21 വയസ്സ് തികയണമെന്നതു മാത്രമാണ് ആവശ്യം.