10,500 വർഷം മുമ്പ് ജീവിച്ചിരുന്ന സ്ത്രീയുടെ യഥാർഥ രൂപം പുനസൃഷ്ടിച്ച് നെതർലന്റിലെ സർവകലാശാല
text_fieldsnetehrlands
ആൻഹെൻ: (നെതർലന്റ്സ്): ശാസ്ത്രവും ചിത്ര-ശിൽപകലയും സമ്മേളിച്ചപ്പോൾ സംഭവിച്ചത് 10,500 വർഷം മുമ്പ് ജീവിച്ച മനുഷ്യസ്ത്രീയുടെ പുനരവതാരം. 10,500 വർഷം മുമ്പ് ജീവിച്ചിരുന്ന സ്ത്രീയുടെ തലയോട്ടിയിൽ നിന്ന് ഗവേഷണം നടത്തിയാണ് അവർ അന്നെങ്ങനെയിരുന്നു എന്ന അന്വേഷണം ഇങ്ങനെയൊരു പുനഃസൃഷ്ടിക്ക് വഴിതെളിച്ചത്.
ബെൽജിയത്തിലെ ജെന്റ് യൂനിവേഴ്സിറ്റിയാണ് പഠനത്തിന്റെ ഭാഗമായി എങ്ങനെയാണ് മധ്യശിലായുഗത്തിൽ ഈ മേഖലയിലെ അവസാന ‘വേട്ടക്കാരുടെ സംഘം’ ജീവിച്ചത് എന്ന അന്വേഷണത്തിന്റെ ഭാഗമായി ഈ അപുർവ സൃഷ്ടി നടത്തിയത്. സ്ത്രീയുടെ ജനിതകഘടനയും മറ്റും പഠനവിധേയമാക്കി.
‘മൊസന്നേ’ എന്നു വിളിപ്പേരിട്ട, മധ്യശിലായുഗത്തിൽ ജീവിച്ചിരുന്ന സ്ത്രീയുടെ തലയോട്ടിയിൽ നിന്നാണ് കൂടുതൽ പഠനങ്ങളിലേക്ക് വഴിതെളിക്കുന്ന പുനർനിർമാണം നടന്നത്. ബെൽജിയത്തിലെ മ്യൂസ് താഴ്വരയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഇവരുടെ എല്ലുകളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ പഠനവിധേയമാക്കിയാണ് പുനർനിർമാണം കൂടുതൽ സുക്ഷ്മമാക്കിയത്. 35 മുതൽ 60 വയസുവരെ പ്രായമായിരുന്നു ഇവർ മരിക്കുമ്പോഴെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഇസബെല്ലെ ഡെ ഗ്രൂട്ടെ പറയുന്നു.
ഇവരുടെ മുഖം എങ്ങനെയായിരുന്നു എന്നതിന് ഡി.എൻ.എ സൂചനകൾ ധാരാളം ലഭിച്ചെങ്കിലും പാലിയോ ആർട്ടിസ്റ്റുമാരായ അൽഫോൺസ്, ആഡ്രി കെന്നിസ് എന്നിവുടെ ഭാവന കൂടുതൽ ഗുണം പകർന്നു. സഹോദരൻമാരാണ് ഇവർ.
ചരിത്രാതീതകാലത്തെ സ്ത്രീയുടെ മുഖത്തെ ഓരോ മസിലുകളും പഠിച്ച് കളിമണ്ണിൽ മോഡൽ ചെയ്താണ് ഓരോ ചുളിവുകളും വ്യക്തമായി പുനസൃഷ്ടിച്ചത്. അക്കാലത്ത് സ്ത്രീകൾ സൗന്ദര്യത്തിനായി ധരിച്ചിരുന്ന തൂവലുകളും ഇവർ സൃഷ്ടിച്ചു. ഇതിനായി ആറു മാസമാണ് ഇവർ സ്റ്റുഡിയോയിൽ ചെലവഴിച്ചത്.
കുട്ടിക്കാലം മുതൽ പരിണാമവുമായി ബന്ധപ്പെട്ട വിഷ്വൽ ആർട്ടിൽ തൽപരരായിരുന്നു സഹോദരങ്ങൾ. മനുഷ്യവംശചരിത്രവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായുള്ള സഹവാസവും അതുമായി ബന്ധപ്പെട്ട ചിത്ര-ശിൽപ നിർമിതിയുമായിരുന്നു ഇവരുടെ എക്കാലത്തെയും ഇഷ്ട ഇനം.
മധ്യശിലായുഗത്തിലെ ഒരാളെ നിങ്ങൾ കണ്ടുമുട്ടിയാൽ അവർ ആദ്യം പരിഭ്രമിക്കും, നാണിക്കും. ഇത്തരം സമ്മിശ്ര വികാരമാണ് തങ്ങൾ പകർത്താൻ ശ്രമിച്ചതെന്നും ശിൽപികൾ പറയുന്നു.
മോസന്നേയെക്കുറിച്ച് എന്നാൽ കൂടുതലായി ഇനിയും അറിയാനുണ്ട്. അവർ എന്തു ഭക്ഷണം കഴിച്ചിരുന്നു തുടങ്ങിയ കാര്യങ്ങൾ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ശാസ്ത്രഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

