പ്രതീക്ഷിക്കാത്ത തിരിച്ചടി; റഷ്യയുടെ കണക്കുകൂട്ടൽ പിഴക്കുന്നു
text_fieldsഖാർകിവ് നഗരത്തിലേക്ക് പ്രവേശിച്ച റഷ്യയുടെ കവചിത വാഹനം യുക്രെയ്ൻ സൈന്യം തകർത്ത നിലയിൽ
മോസ്കോ: അനായാസം യുക്രെയ്ൻ കീഴടക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടലുകൾ പിഴക്കുന്നു. യുദ്ധമുഖത്ത് യുക്രെയ്ൻ പടയാളികൾ നടത്തുന്ന ധീരോദാത്തമായ ചെറുത്തുനിൽപ്പ് റഷ്യയെ ഞെട്ടിച്ചുവെന്നാണ് സൂചനകൾ. സൈനിക നടപടിക്കായി റഷ്യ ഒരുക്കിനിർത്തിയ ഒന്നരലക്ഷം സൈനികരിൽ പകുതിയിലേറെയും ഇതിനകം യുക്രെയ്നിൽ പ്രവേശിച്ചുകഴിഞ്ഞു. കൂടുതൽ സൈനികർ വരുംദിനങ്ങളിൽ അതിർത്തി കടക്കും.
പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് റഷ്യ നേരിടുന്നതെന്ന് ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ നൈജൽ ഗൂൾഡ് ഡേവിസ് വ്യക്തമാക്കി. റഷ്യക്ക് വലിയ ആൾനാശം ഉണ്ടാകുന്നുണ്ട്. യുക്രെയ്ൻ ആകട്ടെ റഷ്യൻ സൈനികരെ തടവുകാരായി പിടിക്കുകയും ചെയ്യുന്നു. അതിൽ ഉയർന്ന റാങ്കിലുള്ള ചില സൈനിക ഉദ്യോഗസ്ഥരുമുണ്ട്. രണ്ട് ബ്രിഗേഡ് കമാൻഡർമാരെങ്കിലും പിടിയിലായതായാണ് സൂചന. അതിനാൽതന്നെ ആക്രമണം കടുപ്പിക്കാൻ റഷ്യ നിർബന്ധിതരാവുകയാണ്. റഷ്യക്കാണ് മുൻതൂക്കമെന്നതിൽ തർക്കമില്ല. പക്ഷേ, യുക്രെയ്നിന്റെ പ്രതിരോധം ശ്രദ്ധേയമാണ് -നൈജർ ഡേവിസ് കൂട്ടിച്ചേർത്തു.
പ്രത്യക്ഷത്തിൽ തങ്ങൾക്കുള്ള സൈനിക മേധാവിത്വം മുതലാക്കാൻ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് സൈനിക നിരീക്ഷകൻ തോമസ് ബുള്ളോക്ക് നിരീക്ഷിച്ചു. പ്രധാന നഗരങ്ങൾക്ക് ചുറ്റുമുള്ള പോരാട്ടം തണുത്തതായാണ് മനസ്സിലാകുന്നത്. റഷ്യക്കാർക്ക് നല്ല തോതിൽ നഷ്ടമുണ്ടാകുന്നുണ്ട്. ഉപകരണങ്ങളും സൈനികരും നഷ്ടപ്പെടുന്നു.
തെക്കൻ മേഖലകളിൽ യുക്രെയ്ൻ ഭാഗത്താണ് നഷ്ടം കൂടുതൽ. നടപടി തുടങ്ങുമ്പോൾ ഇത്രയും പ്രതിരോധം റഷ്യ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബുള്ളോക്ക് പറഞ്ഞു. ആക്രമണത്തിന്റെ ഗതിവേഗം നഷ്ടമായതിൽ റഷ്യൻ സൈന്യം നിരാശരാണെന്ന് അമേരിക്കൻ പ്രതിരോധ വൃത്തങ്ങളും സൂചിപ്പിച്ചു. യുക്രെയ്നിലെ ഒരു പ്രധാന നഗരംപോലും പൂർണമായി കീഴ്പ്പെടുത്താൻ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിർത്തിയോട് ചേർന്ന ഖാർകിവ്, തലസ്ഥാനമായ കിയവ് നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് റഷ്യൻ ആക്രമണം. തെക്കൻ നഗരമേഖലകളായ മെലിറ്റോപോൾ, ഖെർസൻ തുടങ്ങിയവ വരുതിയിലാക്കിയെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, പദ്ധതി പ്രകാരം എല്ലാ ദിശകളിൽനിന്നും സൈനിക മുന്നേറ്റത്തിന് നിർദേശം നൽകിയതായി റഷ്യൻ സൈനിക വക്താവ് ഇഗോൾ കൊനഷെങ്കോവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

