യുഎസിൽ ഒറ്റക്കെത്തിയത് 1,389 ഇന്ത്യൻ കുട്ടികൾ; നാലുവർഷത്തിനിടെ എണ്ണത്തിൽ വൻ ഇടിവ്
text_fieldsപ്രതീകാത്മക ചിത്രം
വാഷിങ്ടൺ: അമേരിക്കയിലെ കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ രാജ്യത്ത് കണ്ടെത്തിയ ഇന്ത്യൻ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്. രക്ഷിതാക്കളോ നിയമപരമായ രക്ഷാകർത്താക്കളോ ഒപ്പമില്ലാത്ത കുട്ടികളാണിവർ. 2023 മുതൽ 2026 വരെയുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ ഇത്തരത്തിൽ 1,389 കുട്ടികളെയാണ് അമേരിക്കൻ അധികൃതർ കണ്ടെത്തിയത്. ഈ കുട്ടികളാരെയും ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ 730 ഇന്ത്യൻ കുട്ടികളെയാണ് ഈ വിഭാഗത്തിൽ കണ്ടെത്തിയത്. 2024ൽ 517 ആയും 2025ൽ 91 ആയും 2026ൽ 51 ആയും കുട്ടികളുടെ എണ്ണം കുറഞ്ഞു. 2026 ഒക്ടോബറിൽ രണ്ടുപേരെ കൂടി കണ്ടെത്തി. ഒക്ടോബറിലെ കണക്ക് അമേരിക്കയുടെ 2027 സാമ്പത്തിക വർഷത്തിലേതാണ്. ഒക്ടോബർ ഒന്നിനാണ് അമേരിക്കയുടെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത്.
മറ്റ് രാജ്യങ്ങളിൽനിന്നും ഇതുപോലെ ഒറ്റക്ക് വന്ന കുട്ടികളുടെ എണ്ണത്തിലും സമാനമായ കുറവുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 1.1 ലക്ഷത്തോളം കുട്ടികളെ കണ്ടെത്തിയപ്പോൾ 2025ൽ ഇത് 29,584 ആയും 2026ൽ 9,190 ആയും കുറഞ്ഞു. 2026 ഒക്ടോബറിൽ വിവിധ രാജ്യങ്ങളിൽനിന്നായി 722 കുട്ടികളെയാണ് അധികൃതർ കണ്ടെത്തിയത്.
കർശനമായ കുടിയേറ്റ നിയന്ത്രണങ്ങളും വേഗത്തിലുള്ള നാടുകടത്തൽ നടപടികളുമാണ് ഈ കുറവിന് കാരണമെന്നാണ് അമേരിക്കയിലെ കുടിയേറ്റ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിലയിരുത്തൽ. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ നിയമപരമായ താമസാനുമതി ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ കുട്ടികളെ ഒറ്റക്ക് അമേരിക്കയിലെത്തിക്കുന്ന പ്രവണത മുമ്പുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. അധികൃതർ വേഗത്തിൽ നടപടിയെടുക്കുന്നതിനാൽ ഈ രീതി കുറഞ്ഞുവരുന്നതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, അമേരിക്കൻ അധികൃതരുടെ എൻകൗണ്ടർ(അതിർത്തി നടപടികൾ) കണക്കുകളിൽ ഇന്ത്യക്കാർ ഇപ്പോഴും മുൻനിരയിലാണ്. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ട് 30,528 അതിർത്തി നടപടികളാണ് രേഖപ്പെടുത്തിയത്. 21 രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മെക്സിക്കോയും കാനഡയുമാണ് ഇതിൽ മുന്നിലുള്ളത്. അതിർത്തിയിൽ പിടിയിലാകുന്നവർക്കു പുറമെ ഔദ്യോഗിക പ്രവേശന കവാടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നവരെയും ഉൾപ്പെടെയുള്ള വിവിധ നടപടികളാണ് എൻകൗണ്ടർ കണക്കിൽ വരുന്നത്. അതിനാൽ ഈ സംഖ്യ വ്യത്യസ്ത വ്യക്തികളുടെ എണ്ണത്തിന് തുല്യമല്ല.

