ഇസ്രായേൽ വെടിനിർത്തൽ ധാരണ പാലിക്കണമെന്ന് യു.എൻ; സഹായ ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടണം
text_fieldsയുനൈറ്റഡ് നേഷൻസ്: ഇസ്രായേൽ ഗസ്സയിലെ വെടിനിർത്തൽ ധാരണകൾ പാലിക്കണമെന്നും സഹായ ട്രക്കുകളെ തടയരുതെന്നും ഐക്യരാഷ്ട്രസഭ. വെടിനിർത്തൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏറെ കുറഞ്ഞ എണ്ണം ട്രക്കുകൾ മാത്രമേ നിലവിൽ ഗസ്സയിലേക്ക് കടത്തിവിടുന്നുള്ളൂ.
ഗസ്സക്കാർ ഇപ്പോഴും ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നു. ഇസ്രായേൽ സൈനിക സാന്നിധ്യം കാരണം നിരവധി പേർക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ അതിക്രമം തുടരുകയാണ്.
വെള്ളിയാഴ്ചയും ഒരു 18കാരൻ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
മുഹമ്മദ് അഹ്മദ് അബു ഹനീൻ ആണ് വെള്ളിയാഴ്ച നബ്‍ലുസിലെ അസ്കർ ക്യാമ്പിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹെബ്രോണിൽ ഫുട്ബാൾ കളിക്കുകയായിരുന്ന പത്തുവയസ്സുകാരൻ മുഹമ്മദ് അൽ ഹല്ലാഖിനെയും ഇസ്രായേൽ സൈനികർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
അതിനിടെ, ഗസ്സയിലെ വെടിനിർത്തൽ ധാരണകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കൽ അമേരിക്കയുടെ പ്രധാന മുൻഗണനയാണെന്ന് നിലവിൽ ഇസ്രായേലിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു.
അതേസമയം, ഇസ്രായേൽ വെടിനിർത്തൽ ധാരണകൾ പാലിക്കുന്നെന്ന് മധ്യസ്ഥ രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

