80ലെത്തി യു.എൻ; ഭാവി ചോദ്യചിഹ്നം
text_fieldsന്യൂയോർക്: ആഗോള സമാധാനവും സൗഹാർദവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഐക്യരാഷ്ട്ര സഭക്ക് 80 വയസ്സ്. പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് ഏറെ അകലെ നിൽക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് രൂപവത്കരണത്തിെന്റ എട്ട് പതിറ്റാണ്ട് യു.എൻ ആഘോഷിക്കുന്നത്.
രണ്ടാം ലോകയുദ്ധത്തിെന്റ പശ്ചാത്തലത്തിൽ 50 രാജ്യങ്ങൾ ചേർന്നാണ് 1945 ജൂൺ 26ന് യു.എൻ ചാർട്ടറിൽ ഒപ്പുവെച്ചത്. യുദ്ധഭീകരതയിൽനിന്നും കെടുതികളിൽനിന്നും ഭാവി തലമുറകളെ രക്ഷിക്കുകയായിരുന്നു ചാർട്ടറിെന്റ ലക്ഷ്യം. ഈ സ്ഥാപക ലക്ഷ്യമാണ് മൂന്നാം ലോകയുദ്ധം ഒഴിവാക്കിയതെന്ന് യു.എൻ സെക്രട്ടറി ജനറൽ അേന്റാണിയോ ഗുട്ടറസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, പലയിടങ്ങളിലും വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ യു.എന്നിെന്റ ശേഷി കുറഞ്ഞുവരികയാണ്. യു.എന്നിെന്റ ഏറ്റവും ശക്തമായ വിഭാഗമായ രക്ഷാസമിതി യുക്രെയ്ൻ, ഗസ്സ യുദ്ധങ്ങൾ തടയുന്നതിൽ കാഴ്ചക്കാരായി നിൽക്കുന്നു. തുടർച്ചയായ വീറ്റോകളും റഷ്യയും ചൈനയും ഒരുഭാഗത്തും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മറുഭാഗത്തുമായി തുടരുന്ന വടംവലിയുമാണ് രക്ഷാസമിതിയെ നിഷ്ക്രിയമാക്കിയത്.
സംഘർഷങ്ങളുടെയും ഏകാധിപത്യ നയങ്ങളുടെയും ലോകത്ത് പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് യു.എൻ. ആഗോള സംഘർഷങ്ങൾ, കുറഞ്ഞുവരുന്ന സാമ്പത്തിക ശേഷി, മങ്ങിക്കൊണ്ടിരിക്കുന്ന സ്വാധീനം എന്നിവ സംഘടനയുടെ പ്രസക്തിക്ക് വെല്ലുവിളിയാവുകയാണ്. സംഘടനയുടെ ഭാവി തന്നെയും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഏറ്റവും ശക്തരായ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതക്കു മുന്നിൽ നോക്കിനിൽക്കാനേ സംഘടനക്ക് കഴിയുന്നുള്ളൂ.
വളർന്നുവരുന്ന ദേശീയത, പ്രാദേശിക കൂട്ടായ്മകൾ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ ഏകാധിപത്യ നയങ്ങൾ എന്നിവയും സംഘടനക്ക് തിരിച്ചടിയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം പുനഃപരിശോധിക്കുന്ന തിരക്കിലാണ് ട്രംപ്.
യു.എന്നിനുള്ള ഫണ്ട് ട്രംപ് വെട്ടിക്കുറച്ചത് കടുത്ത പ്രത്യാഘാതമാണുണ്ടാക്കിയത്. പ്രതിസന്ധിയെത്തുടർന്ന് യു.എന്നിലെ 20 ശതമാനം തൊഴിലുകൾ വെട്ടിക്കുറച്ചിരുന്നു. 60ഓളം ഏജൻസികളുടെ പ്രവർത്തനമാണ് ഇത് താളം തെറ്റിച്ചത്. യു.എന്നിന് ഏറ്റവുമധികം ഫണ്ട് നൽകുന്ന രാജ്യമാണ് അമേരിക്ക.
ആ രാജ്യത്തിെന്റ പിൻമാറ്റം യു.എന്നിെന്റ വിവിധ ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ദാരിദ്ര്യനിർമാർജനം, അഭയാർഥി സംരക്ഷണം തുടങ്ങിയ പദ്ധതികൾ വെല്ലുവിളി നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

