ഇസ്രായേലിന്റെ പേര് പറയാതെ ഖത്തർ ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതി; യു.എസും പ്രമേയത്തെ പിന്തുണച്ചു
text_fieldsവാഷിങ്ടൺ: ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതി. ഇസ്രായേലിന്റെ പേര് പറയാതെയാണ് പ്രമേയം. സുരക്ഷാസമിതിയിലെ 15 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. യു.എസും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. ഖത്തറിലെ സംഘർഷ സാധ്യത ഇല്ലാതാവണമെന്ന് ബ്രിട്ടനും ഫ്രാൻസും വ്യക്തമാക്കി. ഖത്തറിന്റെ അതിർത്തികളെ മാനിക്കുകയാണെന്നും അവർക്ക് പൂർണമായ പിന്തുണ നൽകുകയാണെന്ന് ബ്രിട്ടനും ഫ്രാൻസും കൂട്ടിച്ചേർത്തു.
ബന്ദികളെ വിട്ടയച്ച് ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും രക്ഷാസമിതി ആവശ്യപ്പെട്ടു. ഗസ്സയിലെ ദുരിതത്തിൽ ഉടൻ അറുതിയുണ്ടാക്കണമെന്നും അവർ വ്യക്തമാക്കി. ഇസ്രായേലിനെതിരായ പ്രമേയങ്ങളെല്ലാം യു.എൻ രക്ഷാസമിതിയിൽ യു.എസ് വീറ്റോ ചെയ്യാറാണ് പതിവ്. എന്നാൽ, ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തിൽ കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലയാണ് പ്രമേയത്തെ യു.എന്നിൽ അനുകൂലിച്ചിരിക്കുന്നത്.
ഈ ആക്രമണം ഭീകരർക്ക് ശക്തമായ സന്ദേശം നൽകുന്നതാണെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസിഡർ ഡാനി ഡാനോൺ പറഞ്ഞു. ഗസ്സ, തെഹ്റാൻ, ദോഹ ഏത് സ്ഥലത്താണെങ്കിലും ഭീകരർക്ക് ഇവിടെയൊന്നും ഒരു സ്ഥാനവും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേലിന്റെ ഖത്തർ ആക്രമണം ബുദ്ധിപരമായ തീരുമാനമായിരുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിളിച്ചാണ് ട്രംപ് നിലപാട് അറിയിച്ചത്. ആക്രമണത്തിൽ അതൃപ്തി അറിയിച്ച ട്രംപ് മേഖലയിൽ വലിയ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, തനിക്ക് മുന്നിൽ ഇതല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നുവെന്ന നിലപാട് ട്രംപിനെ നെതന്യാഹു അറിയിച്ചുവെന്നാണ് വിവരം. വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം തന്നെ രണ്ടാമതൊരു കോൾ കൂടി ട്രംപ് നെത്യാഹുവിനെ വിളിച്ചിട്ടുണ്ട്. ഇതിൽ ആക്രമണം വിജയകരമാണോയെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്ന മറുപടി നെതന്യാഹു നൽകിയെന്നാണ് റിപ്പോർട്ട്. നെതന്യാഹുവിന്റെ ഏകപക്ഷീയമായ നടപടികളിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിൽ 12 തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. മുൻനിര നേതാക്കൾ രക്ഷപ്പെട്ട ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഖത്തറിന്റെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

