ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും
text_fieldsജനീവ: വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ലബനാന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ അന്താരാഷ്ട്ര ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗം ചേരും. തെക്കൻ ലബനാനിൽ കരയാക്രമണം അടക്കം അതി രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കാസിൽ പ്രദേശം കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഇതിനെ സൈനിക നീക്കത്തിലെ "നാടകീയ മാറ്റം" എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് സുരക്ഷാ കൗൺസിൽ അടിയന്തര സമ്മേളനം നടക്കുന്നത്. ഫ്രാൻസിന്റെ നിർദേശപ്രകാരമാണ് യോഗം വിളിച്ചത്. ലബനാനിൽ ഇതുവരെ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
ഞായറാഴ്ച തെക്കൻ ലെബനനിലുടനീളം ഇസ്രായേൽ സൈന്യം 36 ലധികം ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ടയറിലെ ഹിറാം ആശുപത്രിക്ക് സമീപം നടന്ന ഒരു ആക്രമണത്തിൽ 13 മെഡിക്കൽ, നഴ്‌സിങ് സ്റ്റാഫ് അംഗങ്ങൾക്കും പരിക്കേറ്റു.
സമാധാനം പുനസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. "തെക്കൻ ലെബനനിൽ നടക്കുന്ന സംഘർഷത്തെ ന്യായീകരിക്കാൻ യാതൊന്നുമില്ല" എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സംഘർഷത്തിന് ശാശ്വത അന്ത്യം കുറിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലെബനനിൽ തന്ത്രപ്രധാനമായ പ്രദേശമാണ് ബ്യൂഫോർട്ട് കാസിൽ. 1982 മുതൽ 2000 വരെ ഇസ്രായേൽ സൈനിക ആവശ്യത്തിന് കുന്നുകൾ ഉപയോഗിച്ചിരുന്നു. യുനെസ്കോ സംരക്ഷിത പൈതൃക സ്ഥലമാണിത്. ഇത് വീണ്ടും ഇസ്രായേൽ പിടിച്ചെടുത്തത് ഇസ്രായേലിന്‍റെ പ്രധാനപ്പെട്ട അധിനിവേശ നീക്കമാണാണ് ലോക രാഷ്ട്രങ്ങൾ കാണുന്നത്.
ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ലബനാനിലും ആക്രമണം ആരംഭിച്ചത്. ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി രക്തരൂക്ഷിതമായ ആക്രമണമാണ് ഇസ്രായേൽ ലബനാനിൽ നടത്തുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനകം രാജ്യത്തുനിന്ന് പലായനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

