ഗസ്സയിൽ ക്ഷാമം കുറഞ്ഞെങ്കിലും പട്ടിണിയുടെ തോത് ഗുരുതരമായി തുടരുന്നുവെന്ന് യു.എൻ
text_fieldsഗസ്സ സിറ്റി: പരിമിതമായിട്ടാണെങ്കിലും മാനുഷിക സഹായങ്ങൾ എത്തിച്ചുനൽകുന്നതിന്റെ ഫലമായി ഗസ്സയിലെ ക്ഷാമം അവസാനിച്ചുവെന്നും എന്നാൽ, വിശപ്പിന്റെ തോതും മാനുഷിക സാഹചര്യവും ഗുരുതരമായി തുടരുന്നുവെന്നും യു.എൻ.
ഗസ്സയിലെ എട്ടിലൊരാൾക്ക് ഇപ്പോഴും ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുന്നുവെന്ന് യു എൻ പറഞ്ഞു. ശൈത്യകാല വെള്ളപ്പൊക്കവും തണുത്ത കാലാവസ്ഥയും കാരണം വിശപ്പിന്റെ കാഠിന്യം കൂടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. രണ്ട് വർഷം നീണ്ട യുദ്ധത്തിൽ ഭവനങ്ങളുടെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെയും ഭൂരിഭാഗവും ഇസ്രായേൽ നശിപ്പിച്ചതിനാൽ ഗസ്സയിലെ ഭൂരിഭാഗം ആളുകളും ടെന്റുകളിലോ മറ്റ് നിലവാരമില്ലാത്ത സ്ഥലങ്ങളിലോ ആണ് താമസിക്കുന്നത്.
ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനു ശേഷം സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ ഇസ്രായേൽ ഭാഗികമായി ലഘൂകരിച്ചു. പക്ഷേ, വിതരണം ഇപ്പോഴും പരിമിതവും അസ്ഥിരവുമാണെന്ന് യു.എൻ പറഞ്ഞു.
പ്രദേശത്തേക്കുള്ള ഭക്ഷ്യസഹായത്തിലുള്ള ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ മൂലം വൻതോതിൽ പട്ടിണി ഉണ്ടാക്കിയതിനെത്തുടർന്ന് ആഗസ്റ്റിൽ ഗസ്സയുടെ ചില ഭാഗങ്ങളിൽ യു.എൻ നിരീക്ഷകരായ ഐ.പി.സി ആദ്യമായി ക്ഷാമം പ്രഖ്യാപിച്ചു. ആ സമയത്ത് കുറഞ്ഞത് 450 പേരെങ്കിലും പട്ടിണി കിടന്ന് മരിക്കുകയുണ്ടായി.
ക്ഷാമ വർഗീകരണം അവസാനിച്ചിട്ടും, ഗസ്സയിലെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും മുഴുവൻ ഗസ്സ മുനമ്പും അടിയന്തരാവസ്ഥയിലാണെന്നും മോണിറ്റർ പറഞ്ഞു.
വെടിനിർത്തലിനു മുമ്പ് ഗസ്സയിലേക്കുള്ള സഹായങ്ങൾ പ്രവേശിക്കുന്നതിന് ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം യു.എന്നിൽ നിന്നും അതിന്റെ പങ്കാളികളിൽ നിന്നുമുള്ള സഹായം ഇസ്രായേൽ അനുവദിക്കാൻ തുടങ്ങി.
എന്നിരുന്നാലും, കരാർ ഇപ്പോഴും ദുർബലമാണെന്ന് സഹായ പ്രവർത്തകർ പറയുന്നു. ഇസ്രായേൽ പ്രദേശത്ത് ഇപ്പോഴും ദിവസവും ആക്രമണങ്ങൾ നടത്തുന്നുണ്ട്. വെടിനിർത്തൽ തകർന്നാൽ ഗസ്സ മുനമ്പ് വീണ്ടും ക്ഷാമത്തിലേക്ക് വഴുതി വീഴുമെന്നും ഐ.പി.സി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

