ഗസ്സ പട്ടിണിയുടെ വക്കിലെന്ന് യു.എൻ; ആക്രമണം തുടർന്ന് ഇസ്രയേൽ
text_fieldsഗസ്സയിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട ബന്ധുക്കളുടെ ഖബറടക്ക ചടങ്ങിൽ വിതുമ്പുന്നവർ
ഗസ്സ സിറ്റി: ഭക്ഷ്യ സഹായ വിതരണത്തിന് ഇസ്രായേൽ നിരോധനം ഏർപ്പെടുത്തിയതോടെ ഗസ്സയിൽ പതിനായിരങ്ങൾ പട്ടിണിയുടെ വക്കിലെന്ന് റിപ്പോർട്ട്. ഗസ്സയിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ വീണ്ടും നിർദേശം നൽകിയതിനു പിന്നാലെയാണ് യു.എൻ ഏജൻസിയായ വേൾഡ് ഫൂഡ് പ്രോഗ്രം മുന്നറിയിപ്പ് (ഡബ്ല്യു.എഫ്.പി) നൽകിയത്. രണ്ടാഴ്ചകൂടി വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ഡബ്ല്യു.എഫ്.പി അറിയിച്ചു. മൂന്നാഴ്ചയിലേറെയായി ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളൊന്നും എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
അതിർത്തി അടച്ചത് കാരണമാണ് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ കഴിയാത്തത്. 187 ദശലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കളാണ് ഇസ്രായേൽ സൈന്യത്തിന്റെ അനുമതികാത്ത് ഗസ്സ അതിർത്തിയിൽകിടക്കുന്നത്. ഗസ്സയിൽ ആക്രമണം രൂക്ഷമാവുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നതിനാൽ ഭക്ഷ്യ വസ്തുക്കളുടെ ആവശ്യം വർധിച്ചിട്ടുണ്ട്. ഇസ്രായേൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുകയും ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്തതിനാൽ യു.എൻ സന്നദ്ധ പ്രവർത്തകരുടെ ജീവൻ അപകടത്തിലാണ്. അടുത്ത ആറു മാസം ഗസ്സയിലെ 15 ലക്ഷം ജനങ്ങളെ പട്ടിണിയിൽനിന്ന് രക്ഷിക്കാൻ 265 ദശലക്ഷം ഡോളറിന്റെ സഹായം ആവശ്യമാണെന്നും ഡബ്ല്യു.എഫ്.പി കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. ബുധനാഴ്ച രാത്രി ഹമാസ് വക്താവും കുടുംബത്തിലെ ആറുപേരും കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ജബലിയ മേഖലയിൽ ടെന്റിൽ ബോംബിട്ടതിനെ തുടർന്നാണ് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫുൽ ഖനൂവ കൊല്ലപ്പെട്ടതെന്ന് ഹമാസ് ഉദ്യോഗസ്ഥനായ ബാസിം നയീം അറിയിച്ചു. നേതൃനിരയുള്ളവരെ കൊലപ്പെടുത്തി ഹമാസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വക്താവിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
മറ്റൊരാക്രമണത്തിൽ നാലുകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് ഗസ്സ എമർജൻസി സർവിസ് പറഞ്ഞു. അതിനിടെ, ഇസ്രായേൽ സേന ലബനാനിലും സിറിയയിലും വീണ്ടും വ്യോമാക്രമണം നടത്തി. തെക്കൻ ലബനാനിലെ യഹ്മാറുൽ ഷാഖിഫിൽ കാറിന് മേൽ ബോംബിട്ടതിനെ തുടർന്ന് മൂന്നുപേർ കൊല്ലപ്പെട്ടതായി ആരോഗ്യവിഭാഗം അറിയിച്ചു. സിറിയയുടെ തുറമുഖ നഗരമായ ലതാകിയയിലും പുറത്തുമാണ് ബോംബ് വർഷിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

