ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കരുത്; വൻ ദുരന്തമുണ്ടാകുമെന്ന് ഐ.എ.ഇ.എ
text_fieldsതെഹ്റാന്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഇസ്രായേലിനോട് നിര്‍ദേശിച്ചു. ഇറാന് ആണവായുധം നിർമിക്കുന്നില്ലെന്ന് ഐ.എ.ഇ.എക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ ദുരന്തമുണ്ടായേക്കുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യു.എന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. തെഹ്റാനിലും റഷ്തിലും ഇസ്രായേൽ ബോംബാക്രമണം നടത്തിയതിനു പിന്നാലെയാണ് ഐ.എ.ഇ.എയുടെ നിർദേശം. കുട്ടികൾക്കു നേരെയുള്ള അതിക്രമത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇസ്രായേലിനെ യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
നേരത്തെ ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. അരാക് ഘന ജല റിയാക്ടറിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇവിടത്തെ ഡിസ്റ്റിലേഷൻ യൂനിറ്റും പ്രധാന കെട്ടിടങ്ങളും തകർന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. ആണവായുധ നിർമാണത്തിൽനിന്ന് വിട്ടുനിൽക്കാനും ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കാനും ഇറാൻ തയാറായാൽ സംഘർഷം കൂടുതൽ പടരുന്നത് തടയാനാകുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹൻ വാഡഫൽ പറഞ്ഞു.
സുരക്ഷ കാരണങ്ങളാൽ തങ്ങളുടെ തെഹ്റാനിലെ എംബസി അടക്കുകയാണെന്ന് ചെക് റിപ്പബ്ലിക്കും സ്ളോവാക് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ആസ്ട്രേലിയയും തെഹ്റാൻ എംബസി അടച്ചു. തങ്ങളുടെ പൗരന്മാർ ഉടൻ ഇറാൻ വിടണമെന്നും ആവശ്യപ്പെട്ടു. ഇറാനെതിരെ യു.എസ് ആണവായുധം ഉപയോഗിക്കുമെന്ന അഭ്യൂഹം റഷ്യ തള്ളി. അത്തരം നടപടി വൻ ദുരന്തമായിത്തീരുമെന്നും അഭ്യൂഹങ്ങളിൽ അഭിപ്രായത്തിനില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.