യു.എന്നിൽ അസാധാരണ സമ്മേളനം
text_fieldsന്യൂയോർക്: യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ രണ്ട് സുപ്രധാന സമ്മേളനങ്ങൾ. 193 അംഗ ജനറൽ അസംബ്ലിയുടെ പ്രത്യേക അടിയന്തര സമ്മേളനവും 15 അംഗ സുരക്ഷ കൗൺസിലിന്റെ യോഗവുമാണ് തിങ്കളാഴ്ച തുടങ്ങിയത്. ഞായറാഴ്ച കൂടിയ സുരക്ഷ കൗൺസിൽ യോഗമാണ് സമ്മേളനങ്ങൾക്ക് പച്ചക്കൊടി വീശിയത്. ഇരു സമ്മേളനങ്ങൾക്കുള്ള വോട്ടിങ്ങും 11-1നാണ് പാസായത്. ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിന്നപ്പോൾ റഷ്യ എതിർത്ത് വോട്ടുചെയ്യുകയായിരുന്നു. ഈ യോഗങ്ങൾക്കുള്ള അനുമതിക്ക് വീറ്റോ ബാധകമല്ല. 15 അംഗ ജനറൽ അസംബ്ലിയിൽ ഒമ്പത് അനുകൂല വോട്ടുകൾ മതി.
അത്യപൂർവമാണ് പ്രത്യേക അടിയന്തര സമ്മേളനം. ജനറൽ അസംബ്ലി സ്ഥാപിതമായ 1950ന് ശേഷം ഇത്തരത്തിലുള്ള 10 സമ്മേളനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. 193 അംഗരാഷ്ട്രങ്ങൾക്കും സംസാരിക്കാൻ അവസരമുണ്ടെന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന പ്രത്യേകത. ഒടുവിൽ വോട്ടെടുപ്പും ഉണ്ടാകും. 1956ൽ സൂയസ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു ആദ്യസമ്മേളനം. പിന്നീട് സോവിയറ്റ് യൂനിയന്റെ ഹംഗേറിയൻ അധിനിവേശം, ലെബനൻ പ്രതിസന്ധി, കോംഗോ പ്രതിസന്ധി എന്നീ വിഷയങ്ങളിലും സമ്മേളനം ചേർന്നു. ഈ സമ്മേളനങ്ങളെല്ലാം യു.എൻ സുരക്ഷ കൗൺസിലാണ് വിളിച്ചത്.
'67ൽ അറബ്-ഇസ്രായേൽ ആറുദിന യുദ്ധത്തെ തുടർന്ന് സോവിയറ്റ് യൂനിയന്റെ മുൻകൈയിൽ അഞ്ചാമത്തെ സമ്മേളനം. 13 വർഷങ്ങൾക്ക് ശേഷം '80 ജനുവരിയിൽ സോവിയറ്റ് യൂനിയന്റെ അഫ്ഗാനിസ്താൻ അധിനിവേശത്തെ തുടർന്ന് വീണ്ടും യു.എൻ സുരക്ഷ കൗൺസിൽ ഈ യോഗം വിളിച്ചു. '80കളുടെ തുടക്കത്തിൽ ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് മേലുള്ള സമ്മേളനത്തിന് സെനഗലാണ് മുൻകൈയെടുത്തത്. ദക്ഷിണാഫ്രിക്കയുടെ നമീബിയൻ അധിനിവേശം '81 ഉണ്ടായപ്പോൾ സിംബാബ്വേ സമ്മേളനത്തിനായി രംഗത്തെത്തി. തൊട്ടടുത്ത വർഷം ജൂലാൻ കുന്നുകളിൽ ഇസ്രായേലി നിയമം ബാധകമാക്കിയതിനെതിരെ വീണ്ടും സുരക്ഷാ കൗൺസിലിന്റെ കാർമികത്വത്തിൽ സമ്മേളനം. ഇസ്രായേലി-ഫലസ്തീൻ സംഘർഷത്തെ തുടർന്നായിരുന്നു പത്താമത് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

