ഹുർമുസ് കടലിടുക്കിൽ കുടുങ്ങിയത് 11,000 നാവികർ; യു.എന്നിന്റെ നേതൃത്വത്തിൽ വൻ ഒഴിപ്പിക്കൽ നടപടിക്ക് തുടക്കം
text_fieldsന്യൂയോർക്ക്: അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന് ഹുർമുസ് കടലിടുക്കിൽ മാസങ്ങളായി കുടുങ്ങിക്കിടന്ന 11,000ത്തിലധികം നാവികരെ ഒഴിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് നാവികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് വേഗത കൈവന്നത്.
ഇറാൻ, ഒമാൻ, അമേരിക്ക, മറ്റ് തീരദേശ രാജ്യങ്ങൾ, എന്നിവരുമായി സഹകരിച്ചാണ് ഈ രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് ഐ.എം.ഒ സെക്രട്ടറി ജനറൽ അർസെനിയോ ഡൊമിംഗുസ് അറിയിച്ചു. ഈ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ആവശ്യമായ എല്ലാ സുരക്ഷാ ഉറപ്പുകളും നേടിയിട്ടുണ്ടെന്നും നാവികർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യങ്ങൾ പൂർണമായും പരിശോധിച്ചിട്ടുണ്ടെന്നും ഡൊമിംഗുസ് പറഞ്ഞു. ഫെബ്രുവരി 28ന് ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതോടെയാണ് ഇറാൻ ഹുർമുസ് കടലിടുക്ക് പൂർണമായും അടച്ചത്. അമേരിക്കയുമായുള്ള സമാധാന കരാറിലന് പിന്നാലെയാണ് ഇപ്പോൾ ഗതാഗതം പുനരാരംഭിക്കുന്നത്.
അതേസമയം ഗതാഗതം പുനരാരംഭിച്ചെങ്കിലും ഹീർമുസ് കടലിടുക്കിന്റെ ഭാവി നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. യു.എ.ഇ സന്ദർശന വേളയിൽ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ ഇക്കാര്യത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ‘ഇതൊരു അന്താരാഷ്ട്ര ജലപാതയാണ്. യാതൊരു കാരണവശാലും ഈ പാത ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ല,’ റൂബിയോ വ്യക്തമാക്കി.
എന്നാൽ, ഹുർമുസ് കടലിടുക്ക് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ഇറാനിയൻ ചീഫ് നെഗോഷ്യേറ്ററും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഖാലിബാഫ്. ഭാവിയിൽ ഇത്തരം തടസ്സങ്ങൾ ഒഴിവാക്കാൻ ആശയവിനിമയ ചാനലുകൾ സ്ഥാപിക്കാൻ ധാരണയായെങ്കിലും ജലപാതയുടെ നിയന്ത്രണം, നാവിഗേഷൻ അവകാശം, ട്രാൻസിറ്റ് ചാർജുകൾ എന്നിവ സംബന്ധിച്ച് വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

