യു.എൻ ഗസ്സ പ്രമേയം: മാരത്തൺ ചർച്ചകൾ; ഒടുവിൽ പ്രഹസനമായി അംഗീകാരം
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ വീറ്റോ ഭീഷണി മറികടക്കാനായി അനിശ്ചിതമായി നീണ്ട ഗസ്സ വെടിനിർത്തൽ കരാർ ഒടുവിൽ യു.എൻ രക്ഷാസമിതി കടക്കുമ്പോൾ ബാക്കിയായത് ഒന്നിനുമല്ലാത്തൊരു കരാർ. ഇസ്രായേൽ വംശഹത്യ 20,000 കടക്കുകയും ഭവനരഹിതരുടെ എണ്ണം 19 ലക്ഷം പിന്നിടുകയും ചെയ്ത നാളിൽത്തന്നെയാണ് വെറുതെ ഒരു കരാർ പാസായത്.
അടിയന്തരമായി നടപ്പാക്കേണ്ടതൊന്നും അനുവദിക്കാത്തതാണ് യു.എൻ പ്രമേയമെന്ന് സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കുറ്റപ്പെടുത്തി. സിവിലിയൻ ജീവിതം അനുഭവിക്കുന്ന മഹാ ദുരിതങ്ങളെ ലഘൂകരിക്കാൻപോന്നതൊന്നും ഇല്ലാത്തവിധം കരാറിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് സംഘടന എക്സിക്യൂട്ടിവ് ഡയറക്ടർ അവ്റിൽ ബെനോയ്റ്റ് പറഞ്ഞു.
പ്രമേയത്തിന്റെ ഭാഷ അമേരിക്ക ഇടപെട്ട് ദുർബലപ്പെടുത്തിയത് അപമാനകരമാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ കുറ്റപ്പെടുത്തി. യു.എസാണ് പ്രമേയത്തിൽ വെള്ളം ചേർത്തതെന്നും പാസായ കരാറെങ്കിലും ഇസ്രായേൽ നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. അതേസമയം, ഒരു പ്രമേയം പാസാകാൻ നീണ്ട 75 ദിവസം വേണ്ടിവന്നുവെങ്കിലും ഇത് ശരിയായ ദിശയിലെ ആദ്യ ചുവടാണെന്നും യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു.
ഡിസംബർ ആദ്യത്തിൽ സമാനമായി വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാസമിതിയിലെത്തിയിരുന്നെങ്കിലും ഹമാസിനെ ഉന്മൂലനംചെയ്യാതെ യുദ്ധം നിർത്തുന്നത് അംഗീകരിക്കില്ലെന്നു പറഞ്ഞ് യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സഭയിലെത്താനിരുന്ന സമാന വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്യുമെന്ന് അമേരിക്ക നിലപാടറിയിച്ചതോടെ നീണ്ടുപോകുകയായിരുന്നു. പ്രമേയത്തിലെ ‘ശത്രുതകൾ അടിയന്തരമായി അവസാനിപ്പിക്കണ’മെന്ന വാക്കുകളാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

