അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ തെരഞ്ഞെടുത്ത് യു.എൻ; ഗസ്സ വംശഹത്യ ഉൾപ്പെടെ 24 കേസുകൾ പരിഗണനയിൽ
text_fieldsന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിന്യായ സംവിധാനമായ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് (ഐ.സി.ജെ) അഞ്ച് പുതിയ ജഡ്ജിമാരെ തെരഞ്ഞെടുത്തു. ഒമ്പത് വർഷത്തെ കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യാ കേസ് ഉൾപ്പെടെ നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് പുതിയ ജഡ്ജിമാരുടെ തെരഞ്ഞെടുപ്പ്.
ചൊവ്വാഴ്ച യു.എൻ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിൽ ബ്രിട്ടന്റെ ദാപോ അകാണ്ടെ, ഫ്രാൻസിന്റെ ഫ്രാങ്കോയിസ് അലബ്രൂൺ, ജോർഡന്റെ മഹ്മൂദ് ദൈഫല്ല ഹ്മൂദ്, സിംഗപ്പൂരിന്റെ റീന ലീ, കെനിയയുടെ ഫോബി ഒക്കോവ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15 അംഗ കോടതിയിലെ പുതിയ ജഡ്ജിമാരുടെ കാലാവധി 2027 ഫെബ്രുവരി ആറിന് ആരംഭിക്കും.
യു.എൻ പൊതുസഭയിലും സുരക്ഷാസമിതിയിലും ഒരേസമയം കേവല ഭൂരിപക്ഷം നേടുന്നവർക്കാണ് ജഡ്ജിമാരാകാൻ കഴിയുക. ആദ്യഘട്ടത്തിൽ അഞ്ച് ഒഴിവുകളിൽ നാലെണ്ണത്തിലേക്ക് ഇരുസഭകളും ഒരേ സ്ഥാനാർഥികളെ പിന്തുണച്ചെങ്കിലും അഞ്ചാമത്തെ സീറ്റിൽ ധാരണയിലെത്താനായില്ല. ഇക്വഡോറിന്റെ മാർസെലോ വാസ്ക്വസ്-ബെർമൂഡസിനാണ് സുരക്ഷാസമിതിയുടെ പിന്തുണ ലഭിച്ചത്. എന്നാൽ പൊതുസഭ പിന്തുണച്ചത് കെനിയയുടെ ഫോബി ഒക്കോവയെയായിരുന്നു. ഇതോടെ കൂടുതൽ തവണ വോട്ടെടുപ്പ് നടത്തേണ്ടിവന്നു. പിന്നീട് വാസ്ക്വസ്-ബെർമൂഡസ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ ഒക്കോവക്ക് പൊതുസഭയുടെയും സുരക്ഷാസമിതിയുടെയും പിന്തുണ ലഭിച്ചു. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.
നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ 15 ജഡ്ജിമാരാണുള്ളത്. ഓരോ ജഡ്ജിയും വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരായിരിക്കണമെന്നാണ് വ്യവസ്ഥ. ഒമ്പത് വർഷമാണ് കാലാവധി. വീണ്ടും തെരഞ്ഞെടുക്കപ്പെടാനും അവസരമുണ്ട്. കോടതിയുടെ പ്രവർത്തനങ്ങളിൽ തുടർച്ച ഉറപ്പാക്കുന്നതിനായി ഓരോ മൂന്നുവർഷം കൂടുമ്പോഴും മൂന്നിലൊന്ന് ജഡ്ജിമാരെ പുതുതായി തെരഞ്ഞെടുക്കുന്നു.
നിലവിൽ കോടതിയുടെ പരിഗണനയിൽ 24 കേസുകളുണ്ടെന്ന് പ്രസിഡന്റ് യുജി ഇവാസാവ ഒക്ടോബർ 29ന് യു.എൻ പൊതുസഭയെ അറിയിച്ചിരുന്നു. അതിർത്തി തർക്കങ്ങൾ, മനുഷ്യാവകാശ വിഷയങ്ങൾ, രാജ്യാന്തര ഉടമ്പടികളുടെ വ്യാഖ്യാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണനയിലുള്ളത്.
ഇതിൽ പ്രധാനപ്പെട്ടതാണ് ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യാ കേസ്. വംശഹത്യാ കൺവെൻഷൻ ഇസ്രായേൽ ലംഘിച്ചെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആരോപണം. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് പ്രവർത്തിക്കുന്ന യു.എന്നിനും മാനുഷിക സഹായ സംഘടനകൾക്കും ഇസ്രായേലിനുള്ള ബാധ്യതകൾ വ്യക്തമാക്കുന്ന ഉപദേശക അഭിപ്രായവും കോടതി 2025 ഒക്ടോബറിൽ പുറപ്പെടുവിച്ചിരുന്നു. അതേസമയം, റോഹിങ്ക്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തിയെന്ന ഗാംബിയയുടെ കേസിൽ നവംബർ 19ന് വിധി പ്രസ്താവിക്കുമെന്ന് കോടതി ചൊവ്വാഴ്ച അറിയിച്ചു.
1945ൽ സ്ഥാപിതമായ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് യു.എന്നിന്റെ പ്രധാന നീതിന്യായ വിഭാഗം. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ വിധി പറയുകയും രാജ്യാന്തര നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉപദേശക അഭിപ്രായങ്ങൾ നൽകുകയും ചെയ്യുന്നതാണ് കോടതിയുടെ പ്രധാന ചുമതല.

