യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യൻ ആക്രമണം; അപലപിച്ച് യു.എൻ
text_fieldsവാഷിങ്ടൺ ഡി.സി: യുക്രെയ്നിലെ മരിയുപോളിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണത്തെ അപലപിച്ച് യു.എൻ. യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളിൽ ബുധനാഴ്ചയാണ് കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയത്. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം വലിയ ക്രൂരതയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം ക്രൂരവും ഭയാനകവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
''യുക്രെയ്നിലെ മരിയുപോളിൽ കുട്ടികളുടെയും പ്രസവ വാർഡുകൾക്കും നേരെ നടന്ന ആക്രമണം ഭയാനകമാണ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു യുദ്ധത്തിന് ഉയർന്ന വിലയാണ് നിരപരാധികളായവർ നൽകുന്നത്. വിവേകശൂന്യമായ ഈ അക്രമം അവസാനിപ്പിക്കണം. ഈ രക്തച്ചൊരിച്ചിൽ ഇല്ലാതെയാക്കണം'' -അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
മരിയുപോളിൽ കുട്ടികളുടെയും പ്രസവ വാർഡിനും നേരെ നടന്ന ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഈ ക്രൂതയിൽ നിരവധിയാളുകളാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് വിവിധ അന്താരാഷ്ട്ര നേതാക്കളും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

