ഗസ്സയിലേത് ഇസ്രായേലിന്റെ വംശഹത്യ; ശിശു ഉന്മൂലനം -യു.എൻ കമീഷൻ
text_fieldsഫയൽ ചിത്രം
ജറൂസലം: ഗസ്സയിൽ ഇസ്രായേൽ കുട്ടികളെ മനഃപൂർവം വെടിവെച്ചതാണെന്നും നടന്നത് വംശഹത്യയാണെന്നും ആവർത്തിച്ച് ആരോപിച്ച് ഐക്യരാഷ്ട്രസഭ നിയോഗിച്ച സ്വതന്ത്ര വിദഗ്ധരുടെ സംഘം.
2023 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ കൊല്ലപ്പെട്ട ഫലസ്തീനികളിൽ 30 ശതമാനവും (20,000ത്തിലധികം) കുട്ടികളാണ്. ഇതിലേറെ കുട്ടികളെ കാണാതാവുകയോ ശവക്കുഴികളിൽ തള്ളുകയോ ചെയ്തിട്ടുണ്ട്- യു.എൻ മനുഷ്യാവകാശ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻഡിപെൻഡന്റ് ഇന്റർനാഷനൽ എൻക്വയറി കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2025 ഒക്ടോബറിലെ വെടിനിർത്തലിനുശേഷവും കുട്ടികൾ കൊല്ലപ്പെട്ടു. അവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇപ്പോഴും അത് തുടരുന്നു. കുട്ടികൾക്ക് സംരക്ഷണം നൽകേണ്ട അന്താരാഷ്ട്ര നിയമം ഇസ്രായേൽ തുടർച്ചയായി ലംഘിക്കുകയാണെന്ന് കമീഷൻ ചെയർമാൻ ശ്രീനിവാസൻ മുരളീധർ പറഞ്ഞു. കുട്ടികൾ കൊല്ലപ്പെടുന്ന പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളെപ്പറ്റിയും റിപ്പോർട്ടിലുണ്ട്.
പലപ്പോഴും ഒരൊറ്റ വെടിയിലൂടെ വകവരുത്താൻ ലക്ഷ്യമിട്ട് ക്വാഡ്‌കോപ്റ്റർ ഡ്രോണുകളും സ്നിപ്പറുമാണ് ഇവർ ഉപയോഗിക്കുന്നതെന്ന് കമീഷൻ വ്യക്തമാക്കി. എന്നാൽ, ഈ റിപ്പോർട്ടുകളെ ഇസ്രായേൽ തള്ളി. ‘അപകീർത്തികരമായ വ്യാജം’ എന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

