'ശക്തമായ നിലപാടുള്ള മേധാവി അത്യന്താപേക്ഷിതം'; യു.എൻ മനുഷ്യാവകാശ മേധാവിയുടെ കാലാവധി നീട്ടി, എതിർപ്പുമായി അമേരിക്കയും ഇസ്രായേലും
text_fieldsയു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്
ന്യൂയോർക്ക്: അമേരിക്കയുടെ ഭീഷണിയെയും കനത്ത രാഷ്ട്രീയ എതിർപ്പുകളെയും അതിജീവിച്ച് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്കിന്റെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി നൽകി. യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തിന്റെ പുനർനിയമനം അംഗീകരിച്ചത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെയും ഗസ്സയിലെ ഇസ്രായേൽ നടപടികളെയും രൂക്ഷമായി വിമർശിച്ച വോൾക്കർ ടർക്ക്, അമേരിക്കൻ കുടിയേറ്റ കേന്ദ്രങ്ങളിലെ മരണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകത്തെ വൻശക്തികളുടെ വീഴ്ചകളെ ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടുകളാണ് മൂന്ന് രാജ്യങ്ങളെയും ചൊടിപ്പിച്ചത്.
ഡിസംബറിൽ പടിയിറങ്ങുന്ന യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് വോൾക്കർ ടർക്കിന് രണ്ടാം ടേം നൽകണമെന്ന് നിർദ്ദേശിച്ചത്. ഒക്ടോബറിൽ നിലവിലെ കാലാവധി അവസാനിക്കുന്ന ടർക്കിന് നാല് വർഷം കൂടി നൽകാനുള്ള നിർദ്ദേശത്തെ 193 അംഗ ജനറൽ അസംബ്ലിയിൽ 144 രാജ്യങ്ങൾ അനുകൂലിച്ചു. 10 രാജ്യങ്ങൾ എതിർത്തപ്പോൾ 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ടർക്കിന്റെ കാലാവധി ഈ വർഷം അവസാനം വരെ രണ്ടുമാസത്തേക്ക് മാത്രം നീട്ടിനൽകണമെന്ന റഷ്യയുടെ എതിർനിർദ്ദേശം ഭൂരിപക്ഷം അംഗങ്ങളും ചേർന്ന് തള്ളിക്കളഞ്ഞു. യുറോപ്യൻ യൂണിയൻ രാജ്യങ്ങളും ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ചൈനയും ടർക്കിന്റെ പുനർനിയമനത്തെ അനുകൂലിച്ചു. എങ്കിലും വോട്ടെടുപ്പിന് തൊട്ടുമുമ്പ് യു.എസും കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ കൂടിയാലോചനകൾ നടത്താതെയുമാണ് തീരുമാനമെടുത്തതെന്നും ഇതിന്റെ പ്രത്യാഘാതമായി യു.എസിന്റെ ഫണ്ടിംഗും പങ്കാളിത്തവും പുനഃപരിശോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. യു.എൻ നടപടി ഭരണഘടനാപരമായ വീഴ്ചയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവും പ്രതികരിച്ചു. റഷ്യയും ഇസ്രായേലും വോൾക്കർ ടർക്കിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ടർക്കിന് രാഷ്ട്രീയ പക്ഷപാതിത്വമുണ്ടെന്നും റഷ്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി ചുമക്കോവ് ആരോപിച്ചു. ടർക്കിനെ നിലനിർത്താനുള്ള തീരുമാനം ഒരു 'ധാർമ്മിക പരാജയമാണെന്ന്' ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എന്നാൽ ലോകമെമ്പാടും മനുഷ്യാവകാശ ധ്വംസനങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ശക്തമായ നിലപാടുകളുള്ള ഒരു മേധാവി അത്യന്താപേക്ഷിതമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കി. ദശാബ്ദങ്ങളായി യു.എന്നിനായി പ്രവർത്തിക്കുന്ന ഓസ്ട്രിയൻ വക്കീലായ വോൾക്കർ ടർക്ക്, ഈ പദവിയിൽ തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കുന്ന ആദ്യ മനുഷ്യാവകാശ മേധാവിയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

