ഫലസ്തീനികളുടെ മനുഷ്യാവകാശ ലംഘനം: 68 കമ്പനികളെ കരിമ്പട്ടികയിൽപെടുത്തി യു.എൻ
text_fieldsജനീവ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലുമായുള്ള വ്യാപാര ബന്ധം പുലർത്തുക വഴി ഫലസ്തീനികളുടെ മനുഷ്യാവകാശം ലംഘിക്കുന്ന 68 കമ്പനികളെ കൂടി കരിമ്പട്ടികയിൽ പെടുത്തി ഐക്യരാഷ്ട്ര സഭ. 11രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളാണിത്. അനധികൃത കുടിയേറ്റത്തിന് പിന്തുണ നൽകുന്ന തരത്തിലാണ് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം.
നിർമാണ സാധനങ്ങൾ വിൽക്കുന്നവരും മണ്ണുനീക്കുന്ന യന്ത്രങ്ങളുണ്ടാക്കുന്നവരും സുരക്ഷ, യാത്ര തുടങ്ങിയ സേവനങ്ങൾ ഒരുക്കുന്ന കമ്പനികളുമെല്ലാം ഇതിൽ പെടും.
കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങളുടെ പട്ടിക ‘ഡേറ്റ ബെയ്സ് ഓഫ് കമ്പനീസ്’ എന്നാണ് അറിയപ്പെടുന്നത്. ഈ പട്ടികയിൽ ഇപ്പോൾ ആകെ 158 കമ്പനികളുണ്ട്. മിക്കതും ഇസ്രായേൽ സ്ഥാപനങ്ങളാണ്. യു.എസ്, കാനഡ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ, പോർചുഗൽ, നെതർലൻഡ്സ്, ലക്സംബർഗ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുമുണ്ട്.
അറസ്റ്റ് ഭയന്ന് റൂട്ട് മാറ്റി നെതന്യാഹു
വാഷിങ്ടൺ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എസിലേക്കുള്ള യാത്രക്കിടെ, റൂട്ട് മാറ്റി നെതന്യാഹു. യു.എൻ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളെ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര.
അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി കരാറുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങൾ നെതന്യാഹു തങ്ങളുടെ അതിർത്തിയിൽ കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മുന്നിൽകണ്ടാണ് ഈ രാജ്യങ്ങളെ ഒഴിവാക്കിയുള്ള യാത്ര.
ഗ്രീസിനും ഇറ്റലിക്കും സമീപത്തുകൂടി പറന്ന നെതന്യാഹുവിന്റെ വിമാനം മെഡിറ്ററേനിയൻ കടന്ന് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ജിബ്രാൾട്ടർ കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്നു.
വെസ്റ്റ് ബാങ്ക് പിടിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്
വാഷിങ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ രാജ്യത്തോട് കൂട്ടിച്ചേർക്കാൻ ഇസ്രായേൽ ശ്രമം നടത്തിയേക്കുമെന്ന സൂചനകളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ ഞാൻ അനുവദിക്കില്ല. അത് സംഭവിക്കില്ല’-ട്രംപ് പറഞ്ഞു. യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ യു.എസിലെത്തിയ നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

