ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചു; രാജകീയ ചുമതലകൾ ഉപേക്ഷിച്ചതിനുശേഷം ആദ്യമായി ബ്രിട്ടണിൽ
text_fieldsലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാർക്കിളും വ്യാഴാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതായി ദി സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. ദി ഇൻവിക്‌റ്റസ് ഗെയിംസിൽ പങ്കെടുക്കാൻ ഹേഗിലേക്കുള്ള യാത്രാമധ്യേയാണ് ദമ്പതികൾ രാജ്ഞിയെ സന്ദർശിക്കുന്നത്. മുത്തശ്ശിയെ കാണാന്‍ ഹാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. 2020 മാർച്ചിൽ രാജകീയ ചുമതലകൾ ഉപേക്ഷിച്ചതിനുശേഷം ഇതാദ്യമായാണ് ഇരുവരും ബ്രിട്ടനിലേക്കെത്തുന്നത്.
വിൻഡ്‌സർ കാസിൽ സന്ദർശനത്തിനിടെ ഹാരിയും മേഗനും ചാൾസ് രാജകുമാരനെ കണ്ടതായും ദി സൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന മുത്തച്ഛൻ എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങിൽ ഹാരി പങ്കെടുത്തിരുന്നില്ല. സുരക്ഷാ സംരക്ഷണവുമായി ബന്ധപ്പെട്ട് സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം ചടങ്ങിന് ഹാജരാകാതിരുന്നത്. മേഗനൊപ്പം അമേരിക്കയിലാണ് ഇപ്പോൾ ഹാരി താമസിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്ന വാർഷിക മൗണ്ടി സേവനത്തിൽ പങ്കെടുത്തിരുന്നില്ല. വിൻഡ്‌സറിൽ നടക്കുന്ന ഈസ്റ്റർ ആഘോഷങ്ങളിലും അവർ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസമവാസാനത്തോടെ എലിസബത്ത് രാജ്ഞിക്ക് 96 വയസ്സ് തികയുകയാണ്