ഇത് യൂറോപ്പിന്‍റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടം -യുക്രെയ്ൻ പ്രതിരോധ മന്ത്രി
text_fieldsകിയവ്: റഷ്യൻ അധിനിവേശത്തെ ശക്തമായി ചെറുക്കുകയാണ് യുക്രെയ്ൻ സൈന്യവും ജനതയും. നാലാംദിനവും ആക്രമണം കടുപ്പിച്ചിട്ടും കിയവിലേക്കും പ്രധാന നഗരങ്ങളിലേക്കും റഷ്യൻ സൈന്യത്തിന് കടന്നുകയറാനാട്ടില്ല. റഷ്യയെ തടയുന്നതിനുള്ള പുതിയ യുദ്ധ തന്ത്രങ്ങൾ മെനയുകയാണ് യുക്രെയ്ൻ.
യുദ്ധമുഖത്തെ മുന്നണി പോരാളികളായ സൈന്യത്തെയും പൊലീസിനെയും വൈദ്യ സംഘത്തെയും ആയുധമെടുത്ത നാട്ടുകാരെയും യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സ്ലി റെസ്നികോവ് അഭിനന്ദിച്ചു. യുറോപ്പിന്‍റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടമാണിതെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു. ചുറ്റുപാടും നോക്കുക, പലരും ഒടുവിൽ ഭയത്തെ കീഴ്പ്പെടുത്തി ക്രെംലിനിനെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടിരിക്കുന്നു. രണ്ട് മണിക്കൂറിനുള്ളിൽ കിയവ് പിടിച്ചെടുക്കുമെന്ന് വീരവാദം മുഴക്കിയവർ എവിടെ? എനിക്ക് അവരെ കാണാൻ കഴിയുന്നില്ല. മുന്നോട്ടുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞതാണ്, ലോകമെമ്പാടുമുള്ള ആളുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് അസാധ്യമായിരുന്ന സഹായം ഇപ്പോൾ നമ്മെ തേടി വരുന്നു -ഒലെക്സ്ലി പറയുന്നു.
ഈ സൈന്യവും നമ്മുടെ ജനങ്ങളും ഇല്ലെങ്കിൽ യൂറോപ്പ് ഒരിക്കലും സുരക്ഷിതമാകില്ല. ഞങ്ങളില്ലാതെ യൂറോപ്പില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അതേസമയം, 37,000 നാട്ടുകാരെയാണ് ഇതുവരെ യുക്രെയ്ൻ സൈന്യത്തിന്‍റെ ഭാഗമാക്കിയത്. യുവാക്കളോട് റഷ്യൻ അധിവേശത്തിനെതിരെ പോരാടാൻ രംഗത്തിറങ്ങണമെന്ന് യുക്രെയ്ൻ ഭരണകൂടം അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

