യുക്രെയ്ൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഫലപ്രദം; സമാധാനകരാറിനായി തുടർ ചർച്ച വേണമെന്ന് റൂബിയോ
text_fieldsവാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ൻ പ്രതിനിധികൾ. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്. സൈനികമായും രാഷ്ട്രീയമായും സമ്മർദം നേരിടുന്നതിനിടെയാണ് യുക്രെയ്ൻ ചർച്ചക്കെത്തുന്നത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഡോൺഡ് ട്രംപിന്റെ മരുമകൻ ജാറേദ് കുഷ്നർ എന്നിവരുമായാണ് യുക്രെയ്ൻ സംഘം ചർച്ച നടത്തിയത്. ഞായറാഴ്ച വ്ലാഡമിർ പുടിനുമായി യു.എസ് സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് യുക്രെയ്നുമായുള്ള കൂടിക്കാഴ്ച.
ചർച്ചകളിൽ പരിഹാരമുണ്ടാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാവരും പ്രായോഗികമായ പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യു.എസും റഷ്യയും തമ്മിൽ അടുത്തയാഴ്ച നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ ഡിമാൻഡുകൾ അവതരിപ്പിക്കുമെന്ന് യുക്രെയ്ൻ സംഘത്തോട് ചേർന്ന് നിൽക്കുന്ന പ്രതിനിധി അറിയിച്ചു.
യു.എസ് മുന്നോട്ടുവെച്ച 28 അംഗ പ്ലാനിൽ ചില മാറ്റങ്ങൾ വേണമെന്നാണ് യുക്രെയ്ൻ ആവശ്യം. റഷ്യയുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്.
ചർച്ചകളുടെ ലക്ഷ്യം കേവലം യുദ്ധം അവസാനിപ്പിക്കുക മാത്രമല്ല. യുക്രെയ്നിന്റെ പരമാധികാരും സ്വാതന്ത്ര്യവും സംരക്ഷിക്കുക കൂടി ചർച്ചകളുടെ ലക്ഷ്യമാണ്. യുക്രെയ്ൻ പ്രതിനിധി സംഘം മുന്നോട്ടുവെച്ച നിർദേശങ്ങൾ വിറ്റ്കോഫ് അടുത്തയാഴ്ച റഷ്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും റൂബിയോ വ്യക്തമാക്കി.
കരിങ്കടലിൽ രണ്ട് റഷ്യൻ എണ്ണക്കപ്പലുകൾക്കു നേരെ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പലുകൾക്ക് തീപിടിച്ചുവെന്ന് തുർക്കിയ അറിയിച്ചു. നാവികസേനയും സുരക്ഷാ ഏജൻസിയായ SBU-ഉം സംയുക്തമായി നടത്തിയ ആക്രമണമാണെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു. വിരാട്, കൊറോസ് എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

